ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാമത്തെ ദിവസത്തിലേക്ക് ഏറ്റവും സ്നേഹത്തോടെ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യാൻ എനിക്ക് വലിയ സന്തോഷമുണ്ട്.
നമ്മൾ അനുഗ്രഹത്തിന്റെ 40 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയിലാണ്.
ഇസ്രായേൽ ജനം മരുഭൂമിയിലൂടെ കാനാൻ ദേശത്തെ ലക്ഷ്യം വച്ച് പോയതുപോലെ ഒരു യാത്രയാണിത്.
നിങ്ങൾക്ക് വലിയ ഉത്സാഹം ദൈവം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു നാലഞ്ചാറു ദിവസങ്ങൾ കഴിയുമ്പോൾ നമ്മുടെ തീക്ഷ്ണത പോകാൻ സാധ്യതയുണ്ട്.
അതുകൊണ്ട് നിങ്ങൾ ഓരോ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് കർത്താവിനോട് പ്രാർത്ഥിക്കണം: “ദൈവമേ, നാളെ ഈ 40 ദിവസത്തെ എന്റെ പ്രാർത്ഥന മുടങ്ങാതിരിക്കാൻ, ഞാൻ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ മുടങ്ങാതെ ചെയ്യാൻ എന്നെ സഹായിക്കണമേ” എന്ന് പ്രാർത്ഥിച്ച് നിങ്ങൾ തീക്ഷ്ണതയോടെ കിടക്കണം.
അതുപോലെ തന്നെ ഈ എപ്പിസോഡ് നിങ്ങൾ ഒരു പ്രാവശ്യമോ ഒന്നിലധികം പ്രാവശ്യമോ കാണണം.
അങ്ങനെ ആ കൃപയിൽ, പ്രത്യേകിച്ച് ആരാധനയിൽ ഒരു ആശീർവാദം എല്ലാ ദിവസവുമുണ്ട്; ആ ആശീർവാദം സ്വീകരിച്ച് നമുക്ക് വലിയ കൃപയിൽ ഈ 40 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കണം.
സെപ്റ്റംബർ മാസം എട്ടാം തീയതി നമുക്കൊരു വലിയ അനുഗ്രഹത്തിന്റെ വാതിൽ തുറക്കപ്പെടും.
പ്രത്യേകിച്ച് നമുക്കറിയാം, ഒരു സ്പിരിച്വൽ അപ്ഡേറ്റ് നടക്കും. നമ്മുടെ ആത്മീയ റാങ്ക് ദൈവം വർദ്ധിപ്പിച്ചു തരും. വലിയ കൃപകൾക്ക് വേണ്ടി നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തെയും കുടുംബത്തെയും തുറന്നു തരികയും ചെയ്യും.
അപ്പൊ അത് ഓർമ്മിപ്പിക്കുന്നു.
നമുക്ക് ഈ ആറാം ദിവസത്തെ ചിന്തയ്ക്ക് വേണ്ടി ഞാൻ എടുക്കുന്നത് ഉല്പത്തി പുസ്തകത്തിന്റെ പതിനാലാം അധ്യായത്തിൽ 17 മുതലുള്ള വാക്യങ്ങളാണ്.
ഉല്പത്തി 14: 17 മുതലുള്ള വാക്യങ്ങൾ:
കെദോർലാവോമെറിനെയും കൂടെയുണ്ടായിരുന്നവരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേൽക്കാൻ സോദോം രാജാവ് രാജാവിന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഷാവേ താഴ്‌വരയിലേക്ക് ചെന്നു. സാലേം രാജാവായ മെൽക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവൻ. അവൻ അബ്രാമിനെ ആശീർവദിച്ചുകൊണ്ട് പറഞ്ഞു:
“ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെമേൽ ഉണ്ടാകട്ടെ. ശത്രുക്കളെ നിന്റെ കയ്യിൽ ഏല്പിച്ചു തന്ന അത്യുന്നതനായ ദൈവം അനുഗ്രഹീതൻ.”
അബ്രാം എല്ലാറ്റിന്റെയും ദശാംശം അവന് കൊടുത്തു.
ബൈബിളിൽ നമ്മൾ അബ്രാമിന്റെ ജീവിതകഥ വായിച്ചു പോകുമ്പോൾ വായനക്കാരൻ ഒരല്പം ആശങ്കയോടെ തട്ടിനിൽക്കുന്ന ഒരു ഭാഗമാണിത്.
എവിടെനിന്നെന്നറിയാതെ ഈ കഥയിലേക്ക് കയറിവരുന്ന മെൽക്കിസെദേക്ക് എന്ന കഥാപാത്രം.
ഈ മെൽക്കിസെദേക്കിനെയും മെൽക്കിസെദേക്കിന് ഈ കഥയിലുള്ള പ്രാധാന്യത്തെയും മനസ്സിലാക്കുന്നതിനു വേണ്ടി നമ്മൾ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടും ആത്മീയതയുമായി ബന്ധപ്പെട്ടും മനസ്സിലാക്കേണ്ട ഒരു കോൺസെപ്റ്റ് ഞാനിന്ന് വിശദീകരിക്കുകയാണ്.
അതാണ് ബ്ലെസ്സിങ് (Blessing) എന്ന് പറയുന്ന കോൺസെപ്റ്റ്; ആശീർവാദം.
നമ്മുടെ ഒരു ക്രിസ്ത്യൻ സ്പിരിച്വാലിറ്റിയിലെ വളരെ പ്രധാനപ്പെട്ട ഒരു ആശയമാണിത്.
എന്താണ് ഈ ആശീർവാദം?
അത് ദൈവത്തിൽ നിന്ന് മനുഷ്യന്റെ കരങ്ങളിലൂടെ മറ്റ് മനുഷ്യരിലേക്ക് കൈമാറപ്പെടുന്ന ദൈവാനുഗ്രഹങ്ങളുടെ പേരാണ് ആശീർവാദം (Blessing).
അത് ദൈവത്തിൽ നിന്ന് നേരിട്ടല്ല മനുഷ്യനിലേക്ക് വരുന്നത്.
ദൈവം കൊടുത്ത അനുഗ്രഹം കൈമാറി കൈമാറി കൈമാറി ആ ബ്ലെസ്സിങ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കാണ് പോകുന്നത്.
അങ്ങനെയൊരു പാറ്റേൺ ആണ് ബൈബിൾ സൂചിപ്പിക്കുന്നത്.
ഞാൻ പെട്ടെന്ന് അതിനെക്കുറിച്ച് വേഗത്തിലൊന്ന് ഓടിച്ചു പറയാം. ആദ്യമായി ഈ അനുഗ്രഹം ദൈവത്തിൽ നിന്ന് നേരിട്ട് വാങ്ങുന്നത് ആദമാണ്.
ആദത്തോട് ദൈവം സംസാരിക്കുന്ന അല്ലെങ്കിൽ മനുഷ്യനോട് ദൈവം സംസാരിക്കുന്ന ആദ്യത്തെ വാക്യമായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളത്, “അവരെ ദൈവം ഇങ്ങനെ അനുഗ്രഹിച്ചു” (Blessed) എന്ന് പറഞ്ഞിട്ടാണ്.
അപ്പൊ അതുകൊണ്ടുതന്നെ ബൈബിൾ തുടങ്ങുന്നത് തന്നെ, അല്ലെങ്കിൽ ബൈബിൾ മനുഷ്യനോട് സംസാരിച്ച്, ദൈവം മനുഷ്യനോട് സംസാരിച്ചു തുടങ്ങുന്നത് തന്നെ അവരെ ഇങ്ങനെ പറഞ്ഞ് അനുഗ്രഹിച്ചു എന്ന് പറഞ്ഞിട്ടാണ്.
അപ്പൊ ആദം ദൈവത്തിൽ നിന്ന് ഈ ബ്ലെസ്സിങ്, ആശീർവാദം പ്രാപിച്ചു.
ഇനി ആദത്തിൽ നിന്ന് അത് ആബേലിലേക്കും, ആബേലിന്റെ മരണത്തിനു ശേഷം ആദത്തിൽ നിന്ന് സേത്തിലേക്കും ഈ ആശീർവാദം കൈമാറപ്പെട്ടു.
സേത്തിൽ നിന്ന് സേത്തിന്റെ പരമ്പര—നമുക്കറിയാം ഹെനോക്ക്, അതുപോലെതന്നെ ലാമെക്ക്, പിന്നീട് മെത്തുശെലാഹ്, നോഹ—നോഹയിലേക്ക് അത് ഇങ്ങനെ കൈമാറപ്പെട്ടു.
നോഹയിൽ നിന്ന് നോഹയുടെ മൂത്ത മകനായ ശേമിലേക്ക് ഈ അനുഗ്രഹം കൈമാറപ്പെട്ടു. അങ്ങനെ ദൈവത്തിൽ നിന്ന് വന്ന ഈ ബ്ലെസ്സിങ് തലമുറ തലമുറയായി കൈമാറപ്പെട്ടു വന്നപ്പോൾ ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്ന കഥാപാത്രം അബ്രാഹമാണ്.
അബ്രഹാമിന്റെ ജീവിതം സൂക്ഷ്മതയോടെ വായിക്കുമ്പോൾ ബൈബിൾ വായനക്കാരന് ഒരു സത്യം മനസ്സിലാകും: അബ്രഹാമിന് ഈ അനുഗ്രഹം കൈമാറി കിട്ടിയിട്ടില്ല.
എന്ന് ഞാൻ പറയുന്നതിന്റെ കാരണം, ജോഷ്വയുടെ പുസ്തകത്തിൽ നമ്മൾ പെട്ടെന്ന് വായിച്ചു പോകുമ്പോൾ ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുള്ള ഒരു വാക്യമുണ്ട്.
ജോഷ്വ 24: 2
ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: അബ്രാഹത്തിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ് വരെയുള്ള നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസിനക്കരെ മറ്റു ദേവന്മാരെയാണ് ആരാധിച്ചിരുന്നത്.
അതായത്, ശേമിന്റെ കാലശേഷം പിന്നീട് അബ്രാമിന്റെ അപ്പൻ, വല്യപ്പൻ തുടങ്ങിയ ആളുകളെല്ലാം തന്നെ യൂഫ്രട്ടീസിനക്കരെ ബാബിലോണിൽ മറ്റു ദേവന്മാരെയാണ് ആരാധിച്ചിരുന്നത്.
അവിടെ എന്താ സംഭവിക്കുന്നത്?
അവിടെ ശേം വരെ എത്തിനിന്ന, ശേം വരെ ദൈവം കൊടുത്തു നിർത്തിയ ആ ബ്ലെസ്സിങ്, ആശീർവാദം, അവിടെ ഏതോ ഒരു തലമുറയിൽ വച്ച് അവർ വിഗ്രഹാരാധനയിലേക്ക് പോകുമ്പോൾ അത് കട്ടായി.
ഇനി രക്ഷാകര ചരിത്രം മുന്നോട്ടു കൊണ്ടുപോകാൻ അബ്രാം നിൽക്കുകയാണ്.
അബ്രാം നിൽക്കുമ്പോൾ അബ്രാം നിൽക്കുന്നത് ഈ അനുഗ്രഹം ഇല്ലാതെയാണ്. അബ്രാം ദൈവം പറഞ്ഞത് കേട്ട് വന്നു, കാനാൻ ദേശത്തേക്കുള്ള യാത്രയൊക്കെ വന്നു എങ്കിലും ഈ ബ്ലെസ്സിങ് ലൈൻ മുറിഞ്ഞിട്ടുണ്ട്.
വിഗ്രഹാരാധന നടത്തിയത് വഴി യഹോവയായ ദൈവത്തിൽ നിന്നുള്ള അനുഗ്രഹം മുറിഞ്ഞുപോയി, വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞു.
ഇവിടെ മെൽക്കിസെദേക്കിന്റെ കഥയിലെ സാംഗത്യം, ഇവിടെ മുറിഞ്ഞുപോയ ഈ ആശീർവാദം അബ്രാമിന് തിരിച്ചു കൊടുക്കാനാണ് മെൽക്കിസെദേക്ക് വരുന്നത്.
അതുകൊണ്ട് യഹൂദ പണ്ഡിതന്മാർ ഈ ഭാഗം വ്യാഖ്യാനിക്കുമ്പോൾ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്, ഒന്നുകിൽ ഇത് ശേമോ (നോഹയുടെ മകനായ ശേമോ) ശേമിന്റെ സന്താനങ്ങളിൽ ആരെങ്കിലുമോ ആയിരുന്നിരിക്കണം മെൽക്കിസെദേക്ക് എന്ന ഒരു അഭിപ്രായം ബൈബിൾ പണ്ഡിതന്മാരുടെ ഇടയിലുണ്ട്.
എന്നു പറഞ്ഞാൽ തലമുറ തലമുറയായി ദൈവം പകർന്നു കൊടുത്ത ആ അനുഗ്രഹം അബ്രാമിന് റീ-ഇൻസ്റ്റേറ്റ് ചെയ്യുന്നതിന് ദൈവം നിയോഗിച്ച ശേമോ ശേമിന്റെ പരമ്പരയിൽപ്പെട്ട ആരെങ്കിലുമോ ഒരാളാണ് മെൽക്കിസെദേക്ക്.
അങ്ങനെയാണെങ്കില് വളരെ ശ്രദ്ധിച്ച് മനസ്സിലാക്കണം; അബ്രാമിന് ദൈവത്തിൽ നിന്നുള്ള ആശീർവാദം മെൽക്കിസെദേക്ക് തിരിച്ചു കൊടുക്കാൻ പോവാണ്.
അയാള് തിരിച്ചു കൊടുത്തത് എങ്ങനെയാണ്?
നമ്മൾ വായിക്കുന്നത് എങ്ങനെയാണ്?
സാലേം രാജാവായ മെൽക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു.
എങ്ങനെയാണ് ഈ അനുഗ്രഹം റീ-ഇൻസ്റ്റേറ്റ് ചെയ്യുന്നത്?
ചുമ്മാ വന്നിട്ട് തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയല്ല. അപ്പവും വീഞ്ഞും കൊണ്ടുവന്നു എന്ന് പറഞ്ഞാൽ, തൊട്ടടുത്ത വാക്യത്തിൽ പറയുന്നുണ്ട് അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. ഈ രണ്ടു വാക്യങ്ങൾ കൂട്ടിച്ചേർത്തു വായിച്ചാൽ, ഈ പുരോഹിതൻ അപ്പവും വീഞ്ഞും കൊണ്ടുവന്ന് വെറുതെ ഇങ്ങനെ കാണിക്കുകയല്ല, അവൻ അവിടെ ഒരു ബലിപീഠം പണിത് അവിടെ അപ്പവും വീഞ്ഞും കാഴ്ചവച്ചു. ആ ബലി നടത്തിയിട്ട് അബ്രാമിനെ അനുഗ്രഹിച്ചു.
തലമുറ തലമുറകൾ അല്ലെങ്കിൽ പൂർവ്വികർ കളഞ്ഞുകുളിച്ച, നഷ്ടപ്പെടുത്തിയ അനുഗ്രഹം അബ്രാമിന് മെൽക്കിസെദേക്ക് എന്ന പുരോഹിതൻ തിരിച്ചു കൊടുക്കുന്നത് അപ്പവും വീഞ്ഞും ബലിയർപ്പിച്ചിട്ടാണ്; ബലിപീഠം പണിതിട്ടാണ്. വെറുതെയല്ല.
അപ്പൊ നമ്മൾ ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഏറ്റവും വലിയ പാഠം എന്ന് പറയുന്നത്, നമ്മുടെ ജീവിതത്തിൽ നമ്മുടെ പൂർവ്വികർ, നമ്മുടെ മാതാപിതാക്കൾ, ആൻസെസ്റ്റേഴ്സ് (ancestors) കളഞ്ഞുകുളിച്ച ദൈവകൃപകൾ നമ്മൾ തിരിച്ചു പ്രാപിക്കേണ്ടത് ബലിപീഠങ്ങളിലൂടെയാണ്; ബലിയർപ്പിച്ചു കൊണ്ടാണ്.
മെൽക്കിസെദേക്ക് പുരോഹിതനാണ്. ഞാൻ അതിനെക്കുറിച്ച് ഒരു വാക്കുകൂടി പറയാം. നമുക്കറിയാം ബൈബിളിൽ രണ്ട് ലൈൻ ഓഫ് പ്രീസ്റ്റ്ഹുഡ് (Line of Priesthood) ഉണ്ട്. പൗരോഹിത്യത്തിന്റെ രണ്ട് കൈവഴികൾ ബൈബിളിലുണ്ട്. ഒന്നാമത്തേത് ആദ്യജാതന്മാരുടെ പൗരോഹിത്യം—Priesthood of the firstborn.
എന്ന് പറഞ്ഞാൽ എന്താണ്?
ബൈബിളിലെ ആദ്യജാതന്മാർ, മൂത്ത മകനിൽ നിന്ന്—അപ്പനിൽ നിന്ന് മൂത്ത മകനിലേക്ക്, പിന്നീട് ആ അടുത്ത തലമുറയിലെ മൂത്ത മകനിലേക്ക്—ഇങ്ങനെ ഫസ്റ്റ്ബോൺ (firstborn), അങ്ങനെ കൈമാറി കൈമാറി പോയ പൗരോഹിത്യം.
ഓരോ കുടുംബത്തിലെയും പുരോഹിത ശുശ്രൂഷ ചെയ്യാനുള്ള ഉത്തരവാദിത്വം ഈ കുടുംബത്തിലെ മൂത്ത മകനായിരുന്നു.
അതാണ് പ്രീസ്റ്റ്ഹുഡ് ഓഫ് ദി ഫസ്റ്റ്ബോൺ.
മരുഭൂമിയിൽ വെച്ച് കാളക്കുട്ടിയെ ആരാധിച്ചു കഴിയുമ്പോൾ മുതൽ ഈ ആദ്യത്തെ പൗരോഹിത്യം ഇല്ലാതാകും; പകരം ലേവ്യ പൗരോഹിത്യം, രണ്ടാമത്തേത്—Levitic priesthood—അത് ആരംഭിക്കും.
പിന്നീട് സ്നാപകയോഹന്നാന്റെ കാലം വരെ ഈ ലേവ്യ പൗരോഹിത്യമുണ്ട്.
സ്നാപകയോഹന്നാൻ യേശുവിന് ജ്ഞാനസ്നാനം കൊടുക്കുമ്പോൾ പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യങ്ങളിൽ ഇങ്ങനെ ഒരു കാഴ്ചപ്പാടുണ്ട്: യോഹന്നാൻ യേശുവിന് ആ പഴയനിയമ പൗരോഹിത്യം, ലെവിറ്റിക്കൽ പ്രീസ്റ്റ്ഹുഡ് തിരികെ ഏൽപ്പിച്ചു എന്ന്. യേശുക്രിസ്തുവിലൂടെ വീണ്ടും ഈ ആദ്യജാതന്മാരുടെ പൗരോഹിത്യം, അതാണ് ക്രിസ്തു ആ ക്രമമനുസരിച്ചാണ്—മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ചാണ്, ആദ്യജാതന്മാരുടെ ക്രമമനുസരിച്ചാണ് ക്രിസ്തു പുരോഹിതനായി മാറുന്നത്.
അങ്ങനെ ആ പൗരോഹിത്യത്തിലാണ് പുതിയനിയമ സഭയിലെ പുരോഹിതന്മാർ പങ്കുചേരുന്നത്.
അത് കൈമാറി കിട്ടുകയല്ല, അതിൽ പങ്കുചേരുകയാണ്.
ക്രിസ്തു മാത്രമാണ് പുരോഹിതൻ; ആ പൗരോഹിത്യത്തിൽ പുതിയനിയമ സഭയിലെ പുരോഹിതന്മാർ പങ്കുചേരുകയാണ്.
അവരിലേക്ക് കൈമാറി വരികയല്ല, പങ്കുചേരുകയാണ്.
അപ്പൊ ഇങ്ങനെ രണ്ട് ലൈൻ ഓഫ് പ്രീസ്റ്റ്ഹുഡ് ഉണ്ട്. അപ്പൊ ഈ മെൽക്കിസെദേക്ക് റെപ്രസെന്റ് ചെയ്യുന്നത് ആദ്യജാതന്മാരുടെ പൗരോഹിത്യത്തെയാണ്.
ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളൂ: മെൽക്കിസെദേക്ക് വന്ന് അബ്രാഹത്തിന് നഷ്ടപ്പെട്ട ആ പൂർവ്വികരുടെ അനുഗ്രഹം, തലമുറ തലമുറയായി കൈമാറി കിട്ടിയ അനുഗ്രഹം തിരിച്ചേൽപ്പിക്കുന്നത് ബലിയർപ്പിച്ചിട്ടാണ്; ബലിപീഠം പണിതിട്ടാണ്.
അപ്പോൾ അതുകൊണ്ട് നമ്മുടെയൊക്കെ കുടുംബങ്ങളിൽ നിങ്ങൾ ചിന്തിക്കുകയാണ് നിങ്ങൾക്ക് പൂർവ്വികരുടെ അനുഗ്രഹമില്ല, അല്ലെങ്കിൽ നിങ്ങളുടെ പൂർവികർ ആരെങ്കിലും കൊലപാതകം ചെയ്തിട്ടുണ്ട്, കുടുംബങ്ങളെ നശിപ്പിച്ചിട്ടുണ്ട്, അല്ലെങ്കിൽ സാമ്പത്തികമായ അനീതി കാണിച്ചിട്ടുണ്ട്, നിരപരാധികളുടെ കണ്ണീര് ഭൂമിയിൽ വീഴുന്നതിന് നിങ്ങളുടെ പൂർവ്വികർ കാരണമായിട്ടുണ്ട്, അല്ലെങ്കിൽ നിങ്ങളുടെ പൂർവികർ വിഗ്രഹാരാധകരായിരുന്നു, അന്ധവിശ്വാസികളായിരുന്നു—ഇങ്ങനെ ഏതെങ്കിലും തരത്തിൽ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിന്റെ അനുഗ്രഹത്തിന്റെ തടസ്സം നമ്മുടെ കുടുംബത്തിന് ഉണ്ടെങ്കിൽ, എന്താണ് പോംവഴി?
ആ നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ തിരിച്ചു കിട്ടാൻ ബലിപീഠങ്ങൾ പണിയുക, ബലിയർപ്പിക്കുക.
എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക.
കുർബാനയിൽ പങ്കെടുക്കുമ്പോൾ കിട്ടുകയാണ്, ഈ അനുഗ്രഹം തിരിച്ചു കിട്ടുകയാണ്. നമ്മൾ കാണുന്നത് എന്താണെന്ന് അറിയാമോ?
മെൽക്കിസെദേക്ക് അബ്രാമിനെ ആശീർവദിച്ചുകൊണ്ട് പറഞ്ഞ വാക്യങ്ങൾ: “ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നതനായ ദൈവത്തിന്റെ കടാക്ഷം, സത്യദൈവത്തിന്റെ അനുഗ്രഹം നിനക്കുണ്ടാകട്ടെ. ശത്രുക്കളെ നിന്റെ കയ്യിൽ ഏൽപ്പിച്ചു തന്ന അത്യുന്നതനായ ദൈവമാണ് അനുഗ്രഹീതനായ ദൈവം.”
രണ്ടു കാര്യങ്ങളാണ്:
നിനക്ക് ഇപ്പോൾ ഈ രാജാക്കന്മാരെ തോൽപ്പിച്ച് ലോത്തിനെ രക്ഷിക്കാൻ കഴിഞ്ഞത് നിന്നെ ദൈവം സഹായിച്ചതുകൊണ്ടാണ്. ദൈവത്തിന്റെ കരുണയാണത്.
ദൈവമാണ് നിന്റെ സമ്പത്ത്. അവിടുന്ന് നീ കൊള്ളയടിച്ചു കിട്ടിയ സമ്പത്തല്ല, ദൈവമാണ് നിന്റെ സമ്പത്ത്.
അതുകൊണ്ട് അത് നീ മറന്നു പോകരുത് എന്നാണ് മെൽക്കിസെദേക്ക് പറയുന്നത്. നമുക്ക് ദൈവം തന്ന നന്മകൾ ഒന്നും മറന്നുപോകാതിരിക്കാനും, നമ്മൾ വന്ന വഴികളൊന്നും മറന്നുപോകാതിരിക്കാനും, അതുപോലെതന്നെ നമുക്ക് നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ എല്ലാം തിരിച്ചു കിട്ടാനും—കർത്താവ് പറഞ്ഞില്ലേ, “എന്റെ ഓർമ്മയ്ക്കായിട്ട് നിങ്ങൾ ഇത് ചെയ്യണം” എന്ന്.
എന്റെ ഓർമ്മയ്ക്കായി.
നമ്മൾ മറന്നു പോകാതിരിക്കാൻ, ദൈവം നടത്തിയ വഴികൾ മറക്കാതിരിക്കാൻ, അതുപോലെതന്നെ നമുക്ക് നഷ്ടപ്പെട്ട എല്ലാ അനുഗ്രഹങ്ങളും തിരിച്ചു കിട്ടാൻ ഒരു വഴിയേ ഉള്ളൂ: അത് ദൈവത്തെ ആരാധിക്കുക, ബലിപീഠം പണിത് ബലിയർപ്പിച്ച് ദൈവത്തെ ആരാധിക്കുക.
നമുക്കിന്ന് നമ്മുടെ ജീവിതത്തിൽ നമ്മൾ അഭ്യസിക്കേണ്ട നന്മ, ക്ഷമയുടെ ഒരു പുണ്യമാണ്; ക്ഷമ.
മറ്റുള്ളവരോട് ക്ഷമിക്കാനുള്ള ഏതെങ്കിലും മേഖല നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ, നമുക്കറിയാം മാനുഷികമായിട്ട് നമുക്ക് ആരോടും ക്ഷമിക്കാൻ പറ്റത്തില്ല.
ക്ഷമിക്കാൻ പറ്റണമെങ്കിൽ കർത്താവ് സഹായിച്ചാലേ പറ്റൂ. നമുക്കിന്ന് കർത്താവിന്റെ മുമ്പിൽ ആ തീരുമാനമെടുക്കാം: എന്നെ വേദനിപ്പിച്ചവരോട്, എന്നെ കരയിപ്പിച്ചവരോട്, എനിക്ക് അപമാനം തന്നവരോട് ഹൃദയപൂർവ്വം ക്ഷമിക്കാൻ ഞാൻ തീരുമാനിക്കുന്നു.
ഇനി ഒഴിവാക്കേണ്ട തിന്മയാണ് ശത്രുത (Enmity). നമുക്ക് ശത്രുത അവസാനിപ്പിക്കാനും ശത്രുത ഒഴിവാക്കാനും അതുപോലെതന്നെ സ്നേഹത്തിൽ ജീവിക്കാനുമുള്ള ഒരു കൃപ കിട്ടാൻ പ്രാർത്ഥിക്കണം.
അപ്പൊ അഭ്യസിക്കേണ്ട പുണ്യം ഫോർഗിവ്നസ്സ് (Forgiveness) – ക്ഷമ; ഒഴിവാക്കേണ്ട പാപം എനിമറ്റി (Enmity) – ശത്രുത.
ടാസ്ക് ഇതാണ്: കൊറിന്തോസ് ലേഖനം, 1 കൊറിന്തോസ് 13-ാം അധ്യായം സ്നേഹത്തിന്റെ ഗീതമാണ്.
സ്നേഹം സകലതും ക്ഷമിക്കുന്നു, സകലതും സഹിക്കുന്നു. അപ്പൊ ആ സ്നേഹഗീതം ഒരു രണ്ടുമൂന്നു പ്രാവശ്യം ഒന്ന് വായിച്ച് നമുക്ക് അങ്ങനെയൊരു എല്ലാവരെയും സ്നേഹിക്കാനും ക്ഷമിക്കാനുമുള്ള ഒരു കൃപ, ഹൃദയവിശാലത കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കാം.
പ്രാർത്ഥന ഇതാണ്: “കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ.” ഇതൊന്നു പലയാവർത്തി ആവർത്തിക്കാൻ ആയിട്ട് ശ്രദ്ധിക്കുക. “കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ” എന്ന് നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം.
നമുക്കിന്ന് ഈ ദിവസം നമുക്ക് ദൈവം തന്ന നന്മകൾക്ക് നന്ദി പറയാം.
ഞാൻ ഒരിക്കൽക്കൂടി നിങ്ങൾ മറന്നു പോകാതിരിക്കാനാണ് നമ്മളീ ശുശ്രൂഷയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും നിങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യം നിങ്ങളെ ഓർമ്മിപ്പിക്കുന്നത്.
ആദ്യത്തെ 10 ദിവസങ്ങൾ നമ്മൾ നമ്മളെത്തന്നെ വിശുദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു ഘട്ടമാണ്.
രണ്ടാമത്തേത് നമുക്കൊരു ദൈവീകമായ വിശ്വാസം ആഴപ്പെടാനും,
പിന്നീട് ദൈവത്തോട് ആഴമായ ബന്ധം ഉണ്ടാവാനും,
ഒടുവിൽ സമർപ്പിക്കാനും—ഒരു വിധത്തിൽ അങ്ങനെ 40 ദിവസം 10 ദിവസങ്ങൾ വീതമുള്ള നാല് ഘട്ടങ്ങളായിട്ടാണ് നമ്മൾ അതിനെ തിരിച്ചിട്ടുള്ളത്.
ഞാനീ പറയുന്ന സന്ദേശങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക. ഒരു ബുക്കിലോ ഡയറിയിലോ ഒക്കെ പ്രധാനപ്പെട്ട ആശയങ്ങൾ എഴുതി വെക്കുക.
പ്രാർത്ഥിക്കാൻ പറയുന്ന പ്രാർത്ഥന ചൊല്ലുക. ടാസ്ക് ചെയ്യാൻ ശ്രമിക്കുക. തിന്മ ഒഴിവാക്കാൻ വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുക, അതിനുവേണ്ടി പരിശ്രമിക്കുക.
പിന്നെ അടിസ്ഥാനപരമായിട്ട് ഞാൻ പറഞ്ഞിരുന്നു നമ്മൾ എല്ലാ ദിവസവും പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു ഫാമിലി ട്രീയുടെ ചാർട്ടും അതുപോലെതന്നെ ആൻസെസ്റ്റേഴ്സിന് വേണ്ടിയുള്ള പ്രെയറും നമ്മുടെ എൻകൗണ്ടർ (Encounter) ആപ്പിലും മൗണ്ട് കാർമ്മലിന്റെ വെബ്സൈറ്റിലും അവൈലബിൾ ആണ്.
അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം.
അതുപോലെതന്നെ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. ഒരു മണിക്കൂറെങ്കിലും നേരിട്ടോ നേരിട്ട് പറ്റാത്തവർ ഓൺലൈൻ ആയിട്ടോ പെർപെച്വൽ അഡൊറേഷൻ (Perpetual Adoration), നിത്യാരാധന നടക്കുന്ന ശുശ്രൂഷകളിൽ അതിൽ പങ്കെടുത്തു പ്രാർത്ഥിക്കണം.
പിന്നെ ഉപവാസം എടുക്കാൻ സാധിക്കുന്ന അത്രയും—ഒരു നേരമോ രണ്ടു നേരമോ അങ്ങനെയൊക്കെ ഉപവാസമെടുത്തോ അല്ലെങ്കിൽ എന്തെങ്കിലും കാര്യം ഒരു ഉപവാസമെടുത്തോ നമ്മൾ ഈ ശുശ്രൂഷയിൽ പങ്കെടുക്കണം.
അതുപോലെതന്നെ മറ്റെല്ലാ നിങ്ങളുടെ ഗ്രൂപ്പുകളിലേക്ക് എല്ലാം ഇത് ഷെയർ ചെയ്തു കൊടുത്ത് ഇനിയും അത് തുടങ്ങാത്തവർ ഉണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുക കൂടെ ചെയ്യണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
നമുക്ക് ആരാധനയിലേക്ക് കടക്കാം. ആരാധനയിൽ നമുക്ക് ഇതിനുവേണ്ട ആശീർവാദം കർത്താവിന്റെ കയ്യിൽ നിന്ന് പ്രാപിക്കുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയമുള്ളവരെ, ഈ ആരാധനയില് നമ്മുടെ കുടുംബങ്ങളെ പ്രത്യേകമായി നമ്മൾ സമർപ്പിച്ച് പ്രാർത്ഥിക്കാം.
കർത്താവ് ഇന്ന് തന്ന ചിന്തകളെല്ലാം ഏറ്റെടുത്തുകൊണ്ട് തലമുറ തലമുറകളായി നമുക്ക് അനുഗ്രഹം നഷ്ടപ്പെട്ട എല്ലാ മേഖലകളിലും മെൽക്കിസെദേക്കിനെപ്പോലെ, മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നിത്യപുരോഹിതനായ ഈശോ തന്റെ ബലിയുടെ യോഗ്യതയാൽ നമുക്ക് എല്ലാ അനുഗ്രഹങ്ങളും തിരിച്ചു തരാൻ പ്രാർത്ഥിക്കാം.
ജോയേൽ 2: 25
വിട്ടിൽ
വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു തുടങ്ങിയ ഞാൻ അയച്ച മഹാസൈന്യങ്ങൾ തിന്നു നശിപ്പിച്ച നിന്റെ സംവത്സരത്തിലെ വിളവുകൾ ഞാൻ നിനക്ക് തിരിച്ചുതരും.
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു തരുന്ന കർത്താവേ, ഇപ്പോൾ ഈ മക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ കുർബാനയുടെ മുൻപിൽ കർത്താവേ ഈ ജനത്തെ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെയോ പൂർവ്വികരുടെയോ തങ്ങളുടെ തന്നെയോ പാപങ്ങൾ മൂലം ഞങ്ങൾ നഷ്ടപ്പെടുത്തിക്കളഞ്ഞ ദൈവത്തിന്റെ വാഗ്ദാനങ്ങൾ, ഞങ്ങൾക്കുവേണ്ടി ദൈവം വച്ചിരിക്കുന്ന ദൈവകൃപകൾ, ദൈവമേ അത് ഞങ്ങളിൽ നഷ്ടമാവാതിരിക്കാൻ, ഞങ്ങൾക്കത് തിരിച്ചു കിട്ടാൻ യേശുവിന്റെ കുരിശിലെ ബലിയുടെ യോഗ്യതകളാൽ ഞങ്ങൾക്കിടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവായ ദൈവമേ, ഏതെങ്കിലും തരത്തിൽ അനർത്ഥങ്ങളോ ആപത്തുകളോ അപകടങ്ങളോ ദുരിതങ്ങളോ കുടുംബത്തിലെ പരാജയങ്ങളോ സാമ്പത്തിക ഞെരുക്കങ്ങളോ കർത്താവേ ഏതെങ്കിലും കണ്ണീരിന്റെ അനന്തരഫലങ്ങളോ ഞങ്ങളുടെ കുടുംബങ്ങളെ വേട്ടയാടുന്നുണ്ടെങ്കിൽ ഞങ്ങളെ അനുഗ്രഹത്തിലേക്ക് തിരിച്ചു കൊണ്ടുവരേണമേ.
കർത്താവേ, ഞങ്ങളുടെ നഷ്ടപ്പെട്ട നല്ല കാലങ്ങൾ തിരിച്ചു തരേണമേ.
കർത്താവേ, നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു തരേണമേ.
നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചു തരേണമേ.
നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചു തരേണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ദൈവമായ കർത്താവേ, ഈ ആശീർവാദത്തിലൂടെ അവിടുന്ന് മെൽക്കിസെദേക്കിലൂടെ അബ്രാമിനെ അനുഗ്രഹിച്ചതുപോലെ ഈ ദിവ്യകാരുണ്യത്തിന്റെ കരങ്ങൾ ഞങ്ങളുടെ തലയിൽ വച്ച് അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാൻ ഒരുങ്ങാം.
സർവ്വശക്തനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ആശീർവദിച്ച് അനുഗ്രഹിക്കട്ടെ.
നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം കർത്താവിന്റെ ഈ ആശീർവാദം നിങ്ങൾക്ക് തിരിച്ചു തരട്ടെ.
സന്തോഷവും സമാധാനവും ആരോഗ്യവും അഭിവൃദ്ധിയും നഷ്ടപ്പെട്ട നിങ്ങളുടെ ജീവിതത്തെ കർത്താവ് പുനഃസ്ഥാപിച്ച് കർത്താവിന്റെ മുമ്പിൽ പ്രസാദകരമായ ഒരു ജീവിതമാക്കി മാറ്റട്ടെ.
സകല നന്മകളാലും അനുഗ്രഹങ്ങളാലും ദൈവം നിങ്ങളുടെ കുടുംബത്തെ പണിതുയർത്തട്ടെ.
നിങ്ങൾക്ക് നഷ്ടപ്പെട്ട ആരോഗ്യം ദൈവം തിരിച്ചു തരട്ടെ.
നിങ്ങളുടെ ജീവിതം അനേകർക്ക് അനുഗ്രഹമായി മാറത്തക്കവിധം ദൈവം നിങ്ങളെ ഉയർത്തട്ടെ.
തലമുറ തലമുറകളായി നിങ്ങളുടെ കുടുംബങ്ങളിൽ ഏതെങ്കിലും നന്മകൾ തടഞ്ഞു വയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ യേശുവിന്റെ നാമത്തിൽ അത് നിങ്ങൾക്ക് തിരിച്ചു കിട്ടട്ടെ.
കർത്താവായ യേശു വീണ്ടും നിങ്ങളെ പുനഃസ്ഥാപിച്ച് തലമുറകളായി ഉണ്ടായ വിനാശങ്ങൾ പരിഹരിക്കട്ടെ.
കർത്താവായ യേശുവിന്റെ ശരീരരക്തങ്ങളുടെ യോഗ്യതകളാൽ തന്നെ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply