{പുലർവെട്ടം 380}
ഏതാനും മാസങ്ങൾക്കു മുൻപ് മോൻസി ജോസഫിന്റെ ‘കടൽ ആരുടെ വീടാണ്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവേദിയിലാണ് പുണ്യജറുസലേമിൽ കടലുണ്ടാവില്ല എന്ന വെളിപാടുവചനം ഒരു കൗതുകമായി ഉള്ളിലേക്ക് വന്നത്.
പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആ പുണ്യപുരിയിൽ കടൽ എന്തിനാണിങ്ങനെ മാഞ്ഞുപോകുന്നത്? മുഴുവൻ പ്രപഞ്ചവും രക്ഷയ്ക്കു വേണ്ടി അലമുറയിടുന്നു എന്നു പറയുന്ന ഒരു പുസ്തകത്തിന്റെ അന്ത്യത്തിൽ ഈ മണ്ണിനെ വലം ചുറ്റുന്ന കടൽ മാത്രം എങ്ങനെയാണ് ഇല്ലാതായത്? ഒരു കാര്യം ഇല്ലാതെ പോകുമ്പോൾ എന്തു രക്ഷയുടെ പാഠമാണത്? എന്തും നവീകരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതാണ് അതിന്റെ പരിത്രാണം.
കവിതയുടെ കണ്ണടയൊന്നു മാറ്റി നോക്കുമ്പോൾ പുരാതന യഹൂദരുടെ സാംസ്കാരികബോധത്തിലേക്ക് എത്തുന്നു നമ്മൾ. യഹൂദസാഹിത്യത്തിൽ കടൽ ഭയപ്പെടുത്തുന്ന ഒരു രൂപകമാണ്. അതിന്റെ ഓളങ്ങളിൽ ജീവിതം പിളർന്നു പോയേക്കും. ഒരു വാണിക്സമൂഹമല്ലാത്തതുകൊണ്ട് പൊതുവേ കപ്പൽയാത്രകളെ അവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഭാരതീയസമൂഹത്തിന്റെ ‘ഓഷ്യൻ റ്റാബൂ’ ഓർമിക്കുക. തിന്മകളുടെ വാസഗൃഹമായി കടൽ പരിഗണിക്കപ്പെട്ടിരുന്നു. വെളിപാടിന്റെ പുസ്തകത്തിൽത്തന്നെ ആ വിചിത്രവ്യാളി കടലിൽ നിന്നാണ് കരയിലേക്കു കയറി വരുന്നത്. തിന്മയുടെ പ്രഹരശേഷിയിൽ അമ്പരന്നുപോയ പന്നിക്കൂട്ടം പാറകളിൽ നിന്നു കടലിൽ വീണാണ് മരിക്കുന്നത്. ആ ചെറിയ ദേശത്തെ കീഴ്പ്പെടുത്താൻ ഓങ്ങി നിൽക്കുന്നവരും കടൽ വഴിയാണ് തങ്ങളുടെ യാത്ര തുടങ്ങുന്നത്. ഭയപ്പെടണം!
അതിന്റെ എക്സ്ട്രീം വിപരീതാർത്ഥത്തിലാണ് നദി ഉപയോഗിക്കപ്പെടുന്നത്. അതിനു ചൂണ്ടിക്കാട്ടുവാൻ ഒരു പ്രഭവസ്ഥാനമുണ്ട്. സ്വച്ഛമായാണ് അതിന്റെ സഞ്ചാരം. കൃഷിയും സംസ്കാരവുമൊക്കെ അതിന്റെ തീരങ്ങളിൽ നിന്നാണ് പൊടിച്ചുയരുന്നത്. സങ്കീർത്തനം 46-ൽ ആ രണ്ടു സൂചനകൾ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്നു കാണുക. ” ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനം കൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല. ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.”
പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആ ഇടത്തിൽ പുതിയ ജീവിതനിയമങ്ങളുണ്ടാവും എന്നൊക്കെ ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. നമ്മൾ പാർക്കുന്ന കാലത്തിൽ ജലത്തെ മാറ്റിവച്ച് ജീവനേക്കുറിച്ചൊരു സങ്കല്പം സാധ്യമല്ല. രക്തത്തിന്റെ 95 ശതമാനവും ശരീരത്തിന്റെ 65 ശതമാനവും ജലം കൊണ്ടുനടക്കുന്നവർക്ക് അകത്തോ പുറത്തോ അതിനെ അവഗണിച്ചൊരു നിലനില്പില്ല. എന്നാൽ, ഈ പുതിയ സൃഷ്ടിയിൽ മണ്ണിന്റെ മാനദണ്ഡങ്ങളല്ല പാലിക്കപ്പെടാൻ പോകുന്നത്.
കാര്യങ്ങൾ അങ്ങനെ കൈവിട്ടുപോകണ്ട. മാറ്റിവച്ച കവിതയുടെ കണ്ണാടി വീണ്ടും ധരിക്കുന്നു. പ്രക്ഷുബ്ദ്ധമായ ജലരാശിയാണ് കടൽ. കട്ടമരം പോലെ മനുഷ്യർ നെടുകെ പിളർന്നു പോകുന്നുണ്ട്. അവരെ കാത്തിരിക്കുന്ന കല്ലോലങ്ങളുടെ കഥയാണ് വേദപുസ്തകം വച്ചുനീട്ടുന്ന പ്രതീക്ഷ. കടലെല്ലാം ജ്ഞാനസ്നാനപ്പെട്ട് ഒരേയൊരു പുഴയാകുന്നു. അതിന്റെ തീരങ്ങളിൽ മനുഷ്യർ തൃപ്തരും സന്തുഷ്ടരുമാണ്. കടലാണ് പല ഖണ്ഡങ്ങളായി ഈ ഭൂപടത്തെ വിഭജിച്ചത്. ഇനി കടലില്ലാത്തതുകൊണ്ട് വിശ്വമാനവികതയുടെ സംഘഗാനം ആ തീരത്തിരുന്ന് നമ്മളുറക്കെ മുഴക്കും. കടൽ കടഞ്ഞ് അമൃതം കണ്ടെത്തിയ കഥ പറഞ്ഞ അധ്യാപകൻ അതു ശുദ്ധജലത്തിന്റെ കഥയാണെന്നു വിശദീകരിച്ചത് മറന്നിട്ടില്ല; അദ്ദേഹത്തിന്റെ പേരു വിട്ടുപോയെങ്കിൽപ്പോലും.
തിരയടങ്ങിയ പ്രഭാതം നേർന്നുകൊണ്ട്…
– ബോബി ജോസ് കട്ടികാട്
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading