{പുലർവെട്ടം 519}

 
അതിമധുരം കൊണ്ട് ചെടിപ്പിക്കുന്നു എന്ന് സുഖമുള്ള ആരോപണം നേരിടുന്ന ചിത്രത്തിന്റെ ഒടുവിൽ വളരെ നേരുള്ള ഒരു കാര്യം പറയുന്നുണ്ട്. അപൂർണ്ണതകളുടെ മീതേ ഒരാളെ ലജ്ജിക്കാൻ അനുവദിക്കാത്ത ഇടം എന്ന മട്ടിലാണ് വീടിനെ നിർവചിച്ചെടുക്കുന്നത്. പൂർണ്ണതയ്ക്ക് വേണ്ടിയുള്ള ശാഠ്യങ്ങളാണ് ഇപ്പോഴും ബന്ധങ്ങളെ ദുഷ്കരമാക്കുന്നത്.
 
ഒരു മൺപാദം ഓരോരുത്തരിലും ഉണ്ടെന്നുള്ള പ്രാഥമിക പാഠമാണ് മറന്നുപോയത്. അതൊരു ബൈബിൾ സൂചനയാണ്. പലതരം ലോഹങ്ങൾ കൊണ്ടു സൃഷ്ടിച്ച ഒരു ശില്പത്തിന്റെ കാല്പാദം മണ്ണുകൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനെയാണ് വെളിപ്പെടുത്താനും അഭിമുഖീകരിക്കാനും നാം ഭയപ്പെടുന്നത്.
 
നവവധുവിനെക്കുറിച്ച് പരാതികളുടെ പട്ടിക അക്കമിട്ട് പറഞ്ഞുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ, നീ വിവാഹമോചനം ചെയ്തോളൂ, എന്ന് പറഞ്ഞാണ് ഒരു വൈദികൻ ഉപസംഹരിച്ചത്. അത് പൊതുവേ അയാൾ പ്രതിനിധാനം ചെയ്ത മതത്തിന്റെ രീതിയല്ലാത്തതുകൊണ്ട് ഇത്ര ലാഘവത്തോടെ പറയേണ്ട വാക്കാണോ അതെന്ന് അയാൾ ആരാഞ്ഞു. നിൻ്റെ സങ്കല്പത്തിലെ പരിപൂർണ്ണയായ ആ കൂട്ടുകാരിയിൽ നിന്ന് മുക്തി നേടി യഥാർത്ഥത്തിൽ ഉള്ള അവരെ വധുവായി സ്വീകരിക്കുക എന്ന് പറഞ്ഞാണ് വൈദികൻ അതിന് അയവുണ്ടാക്കിയത് !
 
ഗൃഹങ്ങളിൽ മാത്രമല്ല ആശ്രമങ്ങളിലും അപൂർണ്ണതകളെ യാഥാർത്ഥ്യബോധത്തോടെ സ്വീകരിക്കാനുള്ള അനുശീലനം നൽകപ്പെടുന്നില്ല. പൂർണ്ണതാസങ്കല്പങ്ങളിൽ ഊതിവീർപ്പിച്ചതിൻ്റെ പിരിമുറുക്കമാണ് അതിന്റെ അഴകിനെ ഹനിക്കുന്നത്. ക്രിസ്തീയ സന്യാസധാരകളിൽ അത്ര പരാമർശിക്കപ്പെടാതെ പോകുന്ന ഒരു ചരിത്രമുണ്ട്. കുരിശുയുദ്ധങ്ങൾക്ക് പുറപ്പെട്ട കുറെയധികം പേർ പോരാട്ടങ്ങൾക്ക് ശേഷം അംഗവിഹീനരും വൈകല്യമുള്ളവരുമായി മാറി. തങ്ങൾ പുറപ്പെട്ട ഇടത്തേക്ക് മടങ്ങിപ്പോകുവാൻ ആത്മവിശ്വാസം ഇല്ലാത്ത അത്തരം ചില മനുഷ്യർ മരുഭൂമിയിലും മലയടിവാരങ്ങളിലും ഒരുമിച്ചു പാർക്കാനും അനുതാപികളായി ജീവിക്കാനും തീരുമാനിച്ചു എന്നതാണത്. ചുരുക്കത്തിൽ അപൂർണ്ണമനുഷ്യരുടെ സംയോജനമായി പാർക്കുന്ന ഇടങ്ങളെ കാണാൻ അഭ്യസിക്കുമ്പോൾ സഹവാസം അഴകുള്ള അനുഭവമാകുന്നു – മധുരവീടുകൾ.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading