കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.

മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു വീഡിയോ പുറത്തെത്തിയതിലൂടെയാണ് ഒരു പരിധിവരെയെങ്കിലും ലോകവും നീതിപീഠവും തിരിച്ചറിഞ്ഞത്. ആറായിരത്തില്പരം ഗുരുതരമായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ മൂന്നുമാസത്തിനിപ്പുറവും അപൂർവ്വം ചിലരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായിട്ടുള്ളത് എന്നുള്ളത് വലിയ വീഴ്ചയായാണ് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളത്. അക്രമികൾക്ക് പോലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയുണ്ട് എന്ന ആരംഭം മുതലുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതിയും മനസ്സിലാക്കിയിരിക്കുന്നു.

മൃഗീയമായ ആൾക്കൂട്ട പീഡനത്തിന് ഇരയായ ഒരു മെഡിക്കൽ വിദ്യാർത്ഥിനി ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിന് ശേഷം ഡൽഹിയിലും മണിപ്പൂരിലുമായി രണ്ടു പരാതികൾ നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും തന്റെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ മാസങ്ങൾക്കിപ്പുറവും പോലീസ് തയ്യാറായിട്ടില്ല എന്ന വെളിപ്പെടുത്തൽ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുകയുണ്ടായിരുന്നു. ഇത്തരം എണ്ണമറ്റ കേസുകൾ പോലീസ് പൂഴ്ത്തിവച്ചിരിക്കുന്നു എന്ന് തീർച്ചയാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ തങ്ങളിൽ ചിലരെ അക്രമികൾക്ക് വിട്ടുകൊടുത്തത് പോലീസ് ആണ് എന്ന് സ്ത്രീകൾ വെളിപ്പെടുത്തുകയുണ്ടായിരുന്നു.

ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രിത നീക്കങ്ങൾ നടത്തിയവർ അത് ചെയ്തത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് എന്നാണ്. കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പരമാവധി വൈകിപ്പിച്ചുകൊണ്ട് തെളിവുകൾ നശിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നുള്ള ആരോപണം ശക്തമാണ്. മൂന്നുമാസമായി ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലും ഈ ലക്‌ഷ്യം ആരോപിക്കപ്പെടുന്നു.

ആസൂത്രിതമായും സംഘടിതമായും ആക്രമണങ്ങൾ അഴിച്ചുവിട്ടവരുടെയും, അവർക്ക് നിരുപാധിക പിന്തുണനൽകിയ പോലീസിന്റെയും ഭരണകൂടത്തിന്റെയും ലക്ഷ്യങ്ങൾ സുപ്രീം കോടതിയുടെ ക്രിയാത്മക ഇടപെടലുകളിലൂടെ മറനീക്കി പുറത്തുവരുമെന്നും യഥാർത്ഥ കുറ്റവാളികൾ ഒന്നൊഴിയാതെ നിയമത്തിന് മുന്നിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ ക്രൈസ്തവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള സംഘടിതമായ നീക്കങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയും പുറത്തുവരേണ്ടതുണ്ട്.

KCBC Jagratha Commission

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading