ഓർക്കുക മർത്യ നീ

അന്ത്യ കുദാശക്ക് കർത്താവ് ഒരു വൈദികനെയും അനുവദിച്ചു തന്നില്ല. അന്ത്യ ശ്വാസം വലിക്കുമ്പോൾ ഈശോ മറിയം ചൊല്ലിത്തരുവാൻ ആരും ഉണ്ടായില്ല. കയ്യിൽ ആരും കുരിശ് പിടിപ്പിച്ചില്ല. ആരും അന്ത്യ ചുംബനം തന്നില്ല. ഉന്നത നിലയിൽ ഉള്ള മക്കളുണ്ടായിട്ടും ഒപ്പീസ് ചൊല്ലാൻ ആരും വന്നില്ല. കുടുംബ ബന്ധങ്ങൾ എഴുതിയ ഒരു ബൊക്കെ പോലും ഇല്ല. ഒരു റോസാപ്പൂ പോലും ആരും കൊണ്ട് വന്നില്ല. യാത്രപറയാൻ ആരുമില്ല…..

ഒരിറ്റു കണ്ണീരു പൊഴിക്കാൻ ആരുമില്ല..
സ്നേഹിച്ചവരില്ല, ബന്ധുക്കളില്ല, സുഹൃത്തുക്കളില്ല,
വേണ്ടപ്പെട്ടവർ ആരുമില്ല.., സ്വന്തം മുറിയും, സ്വന്തം വീടും ഉണ്ടായിരുന്ന, എനിക്ക് …. സ്വന്തമായി ഒരു ശവപെട്ടി പോലുമില്ല. കല്യാണ മോതിരവും താലി മാലയും ആരോ ഗ്ലൗസിട്ട കൈക്ക് ഊരി മാറ്റിയിരിക്കുന്നു. അഞ്ജാതനായ വൈറസിനെ പേടിച്ചു മക്കൾക്കാർക്കും അമ്മയുടെ സ്വർണം വേണ്ട. സ്വർണവളകൾ ജോലിക്കാരി പെണ്ണിന്റെ കല്യാണത്തിന് കൊടുത്തത് എത്ര നന്നായി എന്നു തോന്നി. ഒരിക്കലും ഇഷ്ടമില്ലാതിരുന്ന നിറമില്ലാത്ത വെള്ള പ്ലാസ്റ്റിക്കിൽ എന്നെ പൊതിഞ്ഞിരിക്കുന്നു. എന്നും പൊയ് കൊണ്ടിരുന്ന ദേവാലയത്തിൽ പോയി യാത്ര പറയാൻ പറ്റിയില്ല.

മൂന്ന് തലമുറകളായി സ്വന്തമായിരുന്ന മാർബിൾ ഇട്ട കുടുംബ കല്ലറയിലേക്ക് കൊണ്ടുപോകുവാൻ ആരും ഇല്ല.
എന്നാലും പെട്ടന്ന് ഞാൻ ഒന്നു ഭയന്നു. കുമ്പസാരിക്കാൻ സാധിച്ചില്ലല്ലോ. പക്ഷെ മങ്ങിയ വെളിച്ചത്തിൽ മാലാഖമാരോട് ഒപ്പം വന്ന എന്റെ പ്രിയപ്പെട്ട പാദ്രെ പിയോ പറഞ്ഞു. മോളെ നീ പേടിക്കണ്ട. നീ ആരും അറിയാതെ ചെയ്ത ദാനധർമങ്ങളും, നീ രക്ഷ പെടുത്തിയ കുടുംബങ്ങളെയും, നീ കാരണം പഠിച്ചു വൈദികനാകാൻ പറ്റിയ വൈദികനെയും ഈശോ കണ്ടു. ആരെയും കുറ്റം പറയാത്ത നിന്റെ നാവും, നിന്റെ മാതാപിതാക്കന്മാരോടുള്ള ബഹുമാനവും കാരണം ഈശോ കടും ചുമപ്പായിരുന്ന നിന്റെ ചില പാപങ്ങൾ മഞ്ഞു പോലെയാക്കി. നീ ഈശോയുടെ സ്നേഹത്തെ പറ്റി മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തപ്പോൾ ഒക്കെ നീ പോലും അറിയാതെ നിന്റെ പാപങ്ങൾ മോചിക്കപെടുകയായിരുന്നു. അപ്പോഴാണ് അന്ത്യ കർമത്തിന് വൈദികൻ ഇല്ല എന്നു വിഷമിച്ച എന്റെ മുൻപിൽ സാക്ഷാൽ വൈദികരുടെ മദ്യസ്ഥൻ, വിയാനി പുണ്യവാളൻ. പുണ്യവാളൻ എന്നോട് പറഞ്ഞു, വൈദികർക്കുവേണ്ടി എന്നും പ്രാർത്ഥിക്കുകയും ലോകത്തോട് ചേർന്ന് അവരെ കുറ്റം പറയാത്ത നിന്നെ കൂട്ടികൊണ്ട് വരാൻ സ്നേഹം മാത്രമായ ഈശോ എന്നെയും അയച്ചതാണ്.

അത്ഭുതം കണ്ട പോലെ ഞാൻ വാ പൊളിച്ചത് മന്ദസ്മിതവുമായി നിൽക്കുന്ന പരി.അമ്മയെ കണ്ടാണ്. സുര്യനെ അമ്മ ഉടയാട ആയി ധരിച്ചിരിക്കുന്നു, ചന്ദ്രൻ അമ്മയുടെ കാൽ കിഴിലും. അമ്മ എന്നോട് പറഞ്ഞു. മോളെ നീ ഭക്തിയോടെ ചൊല്ലി തീർത്ത നന്മ നിറഞ്ഞ മറിയം ഒന്നും ഒരിക്കലും പാഴാകുകയില്ല . അമ്മയുടെ ഒപ്പം സങ്കിർത്തനം 34/7 ൽ പറയുന്നപോലെ ആയിരകണക്കിന് മാലാഖമാരും. ആയിരകണക്കിന് മാലാഖ മാരെ കണ്ടപ്പോൾ മരിച്ചടക്കിന് മനുഷ്യർ ആരും വരാത്ത എന്റെ വിഷമം പൂർണ്ണമായി മാറി.

യൗസേപ്പ് പിതാവിനോടുള്ള ബഹുമാനം കൊണ്ട് ഒരിക്കലും യൗസേപ്പിതാവിന്റ ജപം മുടക്കാത്തതുകൊണ്ട് , എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. എന്നെ ഈശോയുടെ അടുത്തേക്ക് കൊണ്ട് പോകുവാൻ യൗസേപ്പ് പിതാവും. എന്റെ അമ്മച്ചിയുടെ നിർബന്ധം കൊണ്ട് ചൊല്ലിയിരുന്ന വിശുദ്ധ മിഖായേലിന്റ പ്രാർത്ഥന ഒട്ടും പാഴായില്ല. മിഖായേലിന്റെ കൂടെ യാത്ര ആരംഭിച്ചപ്പോഴാണ് 91ആം സങ്കിർത്തനം എനിക്ക് ശരിക്ക് മനസ്സിലായത്. എന്റെ ഇടത്തും വലത്തും ദൈവിക ജീവനില്ലാതെ മരിച്ചതിനു തുല്യമായ പതിനായിരക്കണക്കിന് ആത്മാക്കളെ ഞാൻ കണ്ടു, അവരോടപ്പം ഉള്ള കറുത്ത രൂപങ്ങളെ കണ്ട് ഞാൻ മിഖായേലിനോട് ഒന്നു കൂടി ചേർന്ന് നിന്നു. സ്നേഹത്തിൽ കർത്താവിനോട് ഒട്ടി നിന്നതിനാൽ അവിടുന്നാണ് വിശുദ്ധ മിഖായേലിനേ അയച്ചത് എന്ന് എനിക്ക് മനസ്സിലായി. എന്റെ ഒപ്പം മരിച്ച അനേകം വൈദികരെയും ഡോക്ടർസിനെയും നഴ്സ്മാരെയും ഞാൻ വിശുദ്ധ മിഖയേലിന് ഒപ്പം കണ്ടു. അവരുടെ കയ്യിലും വിശുദ്ധ മിഖായേൽ ചേർത്ത് പിടിച്ചിരുന്നു. എന്റെ സംശയത്തോടെ ഉള്ള നോട്ടം കണ്ട് മിഖായേൽ മാലാഖ പറഞ്ഞു. അവർ അവരുടെ പാപം കൊണ്ട് മരിച്ചതല്ല. അനേകരുടെ പാപങ്ങൾക്കു വേണ്ടി ബലിയായി തീർന്ന കുഞ്ഞാടുകൾ ആണ്. നല്ലവരും നീതിമാൻമാരുമായ ഇവരുടെ മരണം കൊണ്ട് സ്വർഗം മറ്റുള്ളവരുടെ പാപം മോചിച്ച് ഭുമിക്കുമേലുള്ള ശിക്ഷ കുറയ്ക്കും. ഇതൊക്കെ നിനക്ക് പൂർണ്ണമായി മനസ്സിലാവണമെങ്കിൽ സ്വർഗത്തിൽ എത്തി ഈശോയുടെ തിരുമുഖം ദർശിക്കണം, അല്ലെങ്കിൽ ഭൂമിയിൽ ആയിരിക്കുമ്പോൾ പരിശുധാൽമാവ് വെളിപ്പെടുത്തി തരും.

എന്റെ എല്ലാം വിഷമങ്ങളും മാറിയത് സ്വർഗത്തിൽ എത്തിയപ്പോഴാണ്. സ്വന്തം പുത്രന്റെ രക്തം കൊടുത്തു നമ്മളെ വിലയ്ക്ക് വാങ്ങിയ പിതാവിന്റെ സ്നേഹം സ്വർഗം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. സ്വർഗത്തെ പറ്റി പറയുമ്പോൾ വചനത്തിൽ പറഞ്ഞിരിയ്ക്കുന്നപോലെ , ഭൂമിയിൽ ആയിരിക്കുമ്പോൾ നമുക്ക് മനസ്സിലാക്കുവാൻ പറ്റില്ല. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്‌ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല. (1 കോറിന്തോസ്‌ 2 : 9)

എന്റെ എല്ലാ സങ്കടവും മാറി. ഞാൻ ഓർത്തു. എന്റെ ജീവൻ ശരീരത്തിൽ നിലനിർത്താൻ ഞാൻ എന്തെല്ലാം ചെയ്തു. ആരോടെല്ലാം പ്രാർത്ഥിക്കാൻ പറഞ്ഞു. ഇത്രയും സ്നേഹിക്കുന്നവർ സ്വർഗത്തിൽ ഉണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കിയില്ലല്ലോ. പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹം എന്ന് പറഞ്ഞത് വെറുതെയല്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നാലും ഭൂമിയിലെ വീട്ടിലേക്കൊന്നു നോക്കിയപ്പോൾ ഫേസ് ബൂക്കിലൂടെ അനുശോചനം അറിയിച്ചവർക്കു നന്ദി പറയുന്ന തിരക്കിലാണ് എല്ലാവരും. അപ്പോൾ വീണ്ടും പലരുടെയും മരിച്ചടക്ക് കൂടിയപ്പോൾ കേട്ട പാട്ട് ഓർമ വന്നു. ഓർക്കുക മർത്യ നീ.. കൂടെ പോരും നിൻ ജീവിത ചെയ്തികളും

Leave a comment