ദിവ്യബലി വായനകൾ Wednesday of week 9 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵
_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ

Saints Charles Lwanga and his Companions, Martyrs 
on Wednesday of week 9 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. ജ്ഞാനം 3: 6-7,9

ഉലയില്‍ സ്വര്‍ണമെന്നപോലെ,
കര്‍ത്താവ് തിരഞ്ഞെടുക്കപ്പെട്ടവരെ
ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.
കാലത്തികവില്‍ അവിടന്ന് അവരെ ആദരിക്കും;
എന്തെന്നാല്‍, കൃപയും സമാധാനവും
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെകൂടെ
ഉണ്ടായിരിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, രക്തസാക്ഷികളുടെ ചുടുനിണം
ക്രിസ്ത്യാനികളുടെ വിത്താകാന്‍ അങ്ങ് ഇടയാക്കിയല്ലോ.
വിശുദ്ധ ചാള്‍സിന്റെയും സഹചരന്മാരുടെയും
രക്തത്താല്‍ നനയ്ക്കപ്പെട്ട
അങ്ങയുടെ സഭയുടെ വിളനിലം
സമൃദ്ധമായി സദാ ഫലംനല്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 മക്ക 7:1-2,9a-14
പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും.

അക്കാലത്ത്, ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അവരിലൊരുവന്‍ അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.
അന്ത്യശ്വാസം വലിക്കുമ്പോള്‍ രണ്ടാമത്തെ സഹോദരന്‍ പറഞ്ഞു: ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍ നിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാല്‍, പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും; അവിടുത്തെ നിയമങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്. പിന്നീടു മൂന്നാമന്‍ അവരുടെ വിനോദത്തിന് ഇരയായി. അവര്‍ ആവശ്യപ്പെട്ടയുടനെ അവന്‍ സധൈര്യം കൈകളും നാവും നീട്ടിക്കൊടുത്ത് അഭിമാനപൂര്‍വം പറഞ്ഞു: ഇവ എനിക്കു ദൈവം തന്നതാണ്. അവിടുത്തെ നിയമങ്ങള്‍ക്കു വേണ്ടി ഞാന്‍ അവയെ തുച്ഛമായി കരുതുന്നു. അവിടുന്ന് അവ തിരിച്ചുതരുമെന്ന് എനിക്കു പ്രത്യാശയുണ്ട്. രാജാവും കൂട്ടരും യുവാവിന്റെ ധീരതയില്‍ ആശ്ചര്യപ്പെട്ടു. കാരണം, അവന്‍ തന്റെ പീഡകള്‍ നിസ്സാരമായി കരുതി. അവനും മരിച്ചപ്പോള്‍ അവര്‍ നാലാമനെ ആ വിധം തന്നെ നീചമായി പീഡിപ്പിച്ചു. മരണത്തോടടുത്തപ്പോള്‍ അവന്‍ പറഞ്ഞു: പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നല്‍കുന്ന പ്രത്യാശ പുലര്‍ത്തിക്കൊണ്ടു മനുഷ്യകരങ്ങളില്‍ നിന്ന് മരണം വരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പുനരുത്ഥാനമില്ല; പുതിയ ജീവിതവുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 124:2-3,4-5,7cd-8

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍,
കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,
അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍,
അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍ കവിഞ്ഞൊഴുകുമായിരുന്നു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ
നമ്മള്‍ രക്ഷപെട്ടു;
ആകാശവും ഭൂമിയും സൃഷ്ടിച്ച
കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

വേടന്റെ കെണിയില്‍ നിന്നു പക്ഷിയെന്ന പോലെ നമ്മള്‍ രക്ഷപെട്ടു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 5:1-12b
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്
ഈ കാഴ്ചവസ്തുക്കള്‍ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
പാപം ചെയ്യുന്നതിനെക്കാള്‍ മരണം വരിക്കുന്നതിനുള്ള അനുഗ്രഹം
വിശുദ്ധരായ ഈ രക്തസാക്ഷികള്‍ക്ക് അങ്ങ് നല്കിയപോലെ,
അങ്ങേക്കു മാത്രം സമര്‍പ്പിതരായി,
അങ്ങയുടെ അള്‍ത്താരയില്‍ ശുശ്രൂഷചെയ്യാന്‍
ഞങ്ങളെ അങ്ങ് പ്രാപ്തരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 115: 15

അവിടത്തെ വിശുദ്ധരുടെ മരണം
കര്‍ത്താവിന്റെ മുമ്പില്‍ അമൂല്യമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ വിശുദ്ധരായ രക്തസാക്ഷികളുടെ
വിജയം ആഘോഷിച്ചുകൊണ്ട്
ഞങ്ങള്‍ ഈ ദിവ്യകൂദാശ സ്വീകരിച്ചുവല്ലോ.
പീഡനങ്ങള്‍ സഹിക്കാന്‍ അവരെ പ്രാപ്തരാക്കിയവ,
ഞങ്ങള്‍ക്ക് ആപത്തുകളില്‍
വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും
സ്ഥിരോത്സാഹം പ്രദാനംചെയ്യാന്‍ അനുഗ്രഹിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment