July 11 | St. Benedict | Daily Saints in Malayalam

St, Benedict the Monk

🌼🌼🌼🌼 July 11 🌼🌼🌼🌼
വിശുദ്ധ ബെനഡിക്ട്
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ  നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ ഒരു കൂട്ടം സന്യാസികള്‍ തങ്ങളുടെ ആശ്രമാധിപനാകുവാന്‍ വിശുദ്ധനെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ക്ഷണം വിശുദ്ധന്‍ സ്വീകരിച്ചു.

എന്നാല്‍ വിശുദ്ധന്റെ കാര്‍ക്കശ്യമേറിയ ആശ്രമനിയമങ്ങളെ അവര്‍ എതിര്‍ക്കുകയും, അതേതുടര്‍ന്ന് വിശുദ്ധനു വിഷം കൊടുത്ത്‌ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ വിശുദ്ധന്‍ അവിടം വിട്ട് സുബിയാക്കൊവില്‍ തിരിച്ചെത്തി. അധികം താമസിയാതെ നിരവധി ആളുകള്‍ വിശുദ്ധനില്‍ ആകര്‍ഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. വിശുദ്ധന്‍ അവരെ താന്‍ നിയോഗിച്ച ഓരോ പ്രിയോര്‍മാരുടെ കീഴില്‍ പന്ത്രണ്ട് ആശ്രമങ്ങളിലായി സംഘടിപ്പിച്ചു.

കായികമായ ജോലികളും അവരുടെ സന്യാസജീവിതത്തിന്റെ ഭാഗമായിരുന്നു. അധികം താമസിയാതെ സുബിയാക്കോ ആത്മീയതയുടേയും, അറിവിന്റേയും കേന്ദ്രമായി മാറി. പക്ഷേ അവിടെ അടുത്തുള്ള ഒരു പുരോഹിതനായിരുന്ന ഫ്ലോറെന്റിയൂസ് വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നതിനാല്‍ ഏതാണ്ട് 525-ല്‍ വിശുദ്ധന്‍ അവിടം വിട്ട് മോണ്ടെ കാസ്സിനോയില്‍ വാസമുറപ്പിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ വിജാതീയരുടെ ദേവനായ അപ്പോളോയുടെ ഒരു ക്ഷേത്രം നശിപ്പിക്കുകയും സമീപപ്രദേശങ്ങളിലുള്ള നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

530-ല്‍ വിശുദ്ധന്‍, പില്‍ക്കാലത്ത്‌ പാശ്ചാത്യ ആശ്രമസമ്പ്രദായത്തിന്റെ ജന്മസ്ഥലമായിതീര്‍ന്ന പ്രസിദ്ധമായ മോണ്ടെ കാസ്സിനോ ആശ്രമത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ വിശുദ്ധിയേയും, ജ്ഞാനത്തേയും, അത്ഭുതപ്രവര്‍ത്തികളെക്കുറിച്ചും പരക്കെ പ്രചരിച്ചതിനാല്‍ ധാരാളം പേര്‍ വിശുദ്ധന്റെ ശിക്ഷ്യത്വത്തിനായി തടിച്ചുകൂടി. അവരെ മുഴുവന്‍ വിശുദ്ധന്‍ ഒരു സന്യാസസമൂഹമായി സംഘടിപ്പിക്കുകയും, പ്രാര്‍ത്ഥനയുടേയും, പഠനത്തിന്റേയും, ജോലിയുടേതും, സാമൂഹ്യജീവിതത്തിന്റേതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ തന്റെ നിയമസംഹിത എഴുതിയുണ്ടാക്കുകയും ചെയ്തു. അനുസരണം, സ്ഥിരത, ഉത്സാഹം എന്നിവക്കായിരുന്നു ഈ നിയമങ്ങളില്‍ പ്രാധാന്യം.

വിശുദ്ധ കര്‍മ്മങ്ങളും, ഭക്തിയും അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. വരുവാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ആശ്രമജീവിതത്തെ സാരമായി സ്വാധീനിക്കുവാന്‍ പര്യാപ്തമായവയായിരുന്നു അവ. തന്റെ സന്യാസിമാരെ നയിക്കുന്നതിനിടയിലും വിശുദ്ധന്‍ ഭരണാധികാരികളുടേയും, പാപ്പാമാരുടേയും ഉപദേശങ്ങള്‍ ആരായുകയും. പാവങ്ങളേയും, അഗതികളേയും സഹായിക്കുകയും, ലോംബാര്‍ഡില്‍ ടോറ്റിലസിന്റെ ആക്രമണം മൂലം ഉണ്ടായ കഷ്ടതകള്‍ നികത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ച്ച് 21-ന് മോണ്ടെ കാസ്സിനോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്.

St. Benedict 11July

ഇതര വിശുദ്ധര്‍
🌼🌼🌼🌼🌼🌼

  1. കോര്‍ഡോവയിലെ അബുന്തിയൂസ്

  2. ആംഗ്ലോക്സിന്‍റെ മകള്‍ അമാബിലിസ്

  3. ഏഷ്യാ മൈനറിലെ സിന്‍റെയൂസ്

  4. ബ്രേശ്യയിലെ സബിനൂസും സിപ്രിയനും

  5. ഔക്സേറിലെ സബിനൂസ്

    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼



Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “July 11 | St. Benedict | Daily Saints in Malayalam”

  1. Tinta Abraham Avatar
    Tinta Abraham

    വിശുദ്ധ ബനഡിക്ടിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് .
    സകല ദുഷ്ടാരൂപികളുടെ പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങൾ മോചിതരാക്കുവാൻ വിശുദ്ധ ബനഡിക്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, ഞങ്ങളെ സഹായിക്കണമേ

    Liked by 2 people

Leave a comment