വൈദികരുടെ രാജ്ഞി

☘️🍒☘️🍒☘️🍒☘️🍒
വൈദികരുടെ രാജ്ഞി
💦💦💦💦💦💦💦💦

അലസമായി ഇരുന്ന ഒരു നിമിഷം എന്റെ മനസ്സിൽ വന്ന ഒരു ചിന്താശകലം ആയിരുന്നു… വൈദീകർ

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസിലുയർന്നു….

പെട്ടെന്നാണ് എന്നും ചൊല്ലുന്ന മാതാവിന്റെ ലുത്തിനിയ ഓർമയിൽ തെളിഞ്ഞത്… വൈദികരുടെ രാജ്ഞി…..

എന്റെ പരിശുദ്ധ അമ്മ അവരുടെ… ആരാണ് എന്നോർത്തപ്പോൾ തന്നെ എന്തെന്നില്ലാത്ത സുഗന്ധം അവിടെ നിറഞ്ഞു…..

അതേ അമ്മ ഇവിടെയുണ്ട്… എന്റെ ഹൃദയതാളം വേഗത്തിലായി….

എന്റെ ചിന്തകൾ അമ്മ അറിഞ്ഞിരിക്കുന്നു… ചോദിക്കണോ വേണ്ടയോ…. ആന്തരിക സഘർഷം… മുറുകി

അമ്മയുടെ നീല മേലങ്കിയുടെ നിഴൽ എന്റെ അടുത്ത് എത്തി… നിറഞ്ഞ വാത്സല്യത്തോടെ അമ്മ വിളിച്ചു കുഞ്ഞേ…..

സ്നേഹത്തിന്റെ ഭാഷയിൽ അമ്മ എന്നോട് പലതും ചോദിക്കുന്നുണ്ടായിരുന്നു… എന്നാലും അമ്മ വൈദീകർക്ക് ആരാണെന്നുള്ള ചോദ്യം ഞാൻ എന്നിൽ തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു….

ഒരു തലോടലിന്റെ കരുതലോടെ എന്റെ മനോഗതം അറിഞ്ഞ അമ്മ പറഞ്ഞു തുടങ്ങി….

മോളെ…ഞാൻ വൈദീകരുടെ രാജ്ഞിയാണ്….

എന്റെ മകന്റെ ഇന്നും ആവർത്തിക്കപ്പെടുന്ന കാൽവരിയിലെ ബലിക്കു വേണ്ടി ബലിപീഠമൊരുക്കി… ഹൃദയമൊരുക്കി… ദൈവജനത്തിനു മുൻപിൽ സ്വയം ബലിയാവാൻ തീരുമാനമെടുത്തു കൊണ്ടു നാടും… വീടും…. ഇഷ്ടങ്ങളും… സ്വപ്നങ്ങളും… എല്ലാം മാറ്റി വെച്ചു കൊണ്ടു ദൈവഹിതത്തിനു മുൻപിൽ ആമേൻ പറഞ്ഞവനാണ് വൈദീകൻ….

ഒരുപാട് പേരുടെ പ്രാർത്ഥനയുടെയും വിശുദ്ധിയുടെയും ആൾരൂപങ്ങളാണ് ഓരോ വൈദീകരും……

ഒന്നുമല്ലാത്ത പ്രായത്തിൽ വിനയത്തിന്റെ വഴിത്താരയിലേക്കു സ്വന്തം ഭവനത്തിൽ നിന്ന് യാത്രയാകുമ്പോൾ അവന്റ അടുത്തു കരഞ്ഞു തളർന്ന രണ്ട് മുഖങ്ങൾ…. വിങ്ങുന്ന രണ്ടു ഹൃദയങ്ങൾ…. ഉണ്ടായിരുന്നു അതേ അവന്റെ മാതാപിതാക്കൾ… കൂടെ കളിച്ചു നടന്ന സഹോദരങ്ങൾ പോകരുതേ എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു അവരുടെ സ്നേഹത്തേക്കാളും കരുതലിനെക്കാളും വലുതായിരുന്നു അവനു അവന്റെ ദൈവവിളി എല്ലാവരും അനുഗ്രഹിച്ചു കൊണ്ടു അവനെ യാത്രയാക്കിയപ്പോൾ അവരുടെ കൈകൾ വിട്ടു കൊണ്ടു അവൻ നടന്നു നീങ്ങിയ അന്ന് മുതൽ അവനു ഞാൻ കൂടെ നടക്കുന്ന അമ്മയായി…..

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലേക്കു മാറ്റപ്പെട്ടപ്പോൾ പലപ്പോഴും കണ്ണുനീര് കൊണ്ടു അവന്റെ തലയിണകൾ നനഞ്ഞിട്ടുണ്ട്….

അപ്പോഴും എന്റെ മകന്റെ കാൽവരിയിലെ ബലി അവനെ ആകർഷിച്ചു കൊണ്ടേയിരുന്നു….

അവനു കൂട്ടുകാരായി ഒരുപാട് പേര് അവിടെയുണ്ടായിരുന്നു..
ദൈവവിളി സ്വീകരിച്ചു വന്നവർ…. കൂട്ടുകാരാണെങ്കിലും വീട്ടുകാരുടെ സ്നേഹത്തിലേക്ക് വളരാൻ അമ്മയായ ഞാൻ അവനെ ഉപദേശിച്ചു കൊണ്ടിരുന്നു….

പഠനത്തിന്റെ അലോസരപ്പെടുത്തുന്ന മണിക്കൂറുകളിൽ… പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ അവന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാൻ ഞാൻ മദ്യസ്ഥയായി സ്വർഗത്തിലിരുന്ന് അപേക്ഷിക്കുമായിരുന്നു…

ഒറ്റപ്പെടലിന്റെ നാഴികയിൽ എന്റെ ജപമാലയിലൂടെ വിരലോടിച്ചു കൊണ്ടു അവൻ പ്രാർത്ഥിക്കുമായിരുന്നു… നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ ഒരമ്മയുടെ സ്നേഹം മുഴുവൻ ആവോളം കൊടുക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു….

കാവൽമാലാഖ ഇമ പൂട്ടാതെ അവനു ചുറ്റും…. നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…

കൂടെ വന്നു ചേർന്ന കൂട്ടുകാർ ഓരോരുത്തരായി തിരിച്ചു പോയപ്പോൾ….അവന്റെ വിളിയുടെ വില അവനറിയാതെ തന്നെ അവൻ മനസ്സിലാക്കുകയായിരുന്നു….

വിളവധികം വേലക്കാരോ ചുരുക്കം എന്ന വചനം അവനിൽ ആഴപ്പെടാൻ ഞാൻ അവനെ സഹായിച്ചു കൊണ്ടിരുന്നു…

അറിവിന്റെ നിറകുടമായ പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ മനസിലാക്കാൻ പറ്റുന്ന ഒന്നല്ല ദൈവവചനം എന്നവൻ ഗ്രഹിച്ചു….

പഠനത്തിന്റെ ഓരോ ഘട്ടങ്ങളും പിന്നിട്ടപ്പോൾ ഇനിയധികം ഇല്ല എന്നവൻ മനസിലാക്കി…

തിളങ്ങുന്ന കുർബാനയുടെ തിരുവസ്ത്രങ്ങൾ അവന്റെ സ്വപ്നമായിരുന്നു….

ദേവാലയത്തിന്റെ വിശാലമായ അകത്തളങ്ങളിൽ ഏകാന്തതയിൽ അൾത്താരയിലേക്കു നോക്കി ദിവ്യകാരുണ്യത്തിൽ ദൃഷ്ടി പതിഞ്ഞിരിക്കുമ്പോൾ ആരാധനയോടെ ആത്മാവിൽ…. അരൂപിയിൽ… ദൈവത്തോട് സംസാരിച്ചപ്പോൾ പ്രാർത്ഥനയിലൂടെ ഒഴുകപ്പെടുന്ന ശക്തി അവൻ മനസ്സിലാക്കുകയായിരുന്നു…..

എല്ലാ അറിവുകൾക്കും അപ്പുറത്തെ സത്യം ദൈവം സ്നേഹം ആണ് എന്ന് അവൻ അറിഞ്ഞു…

താൻ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വത്തിന്റെ തീവ്രത ഓർത്തപ്പോൾ ഗത്സെമെനിൽ രക്തം വിയർത്തു പ്രാർത്ഥിച്ച എന്റെ മകനെ ഞാനവന് കാണിച്ചു കൊടുക്കുമായിരുന്നു….

കുമ്പസാരക്കൂടിന്റെ മുൻപിൽ…. മുട്ടുകുത്തുന്ന ദൈവജനത്തിന്റെ പാപങ്ങൾ തിരുരക്തം കൊണ്ടു കഴുകുന്നതും പാപം മോചിക്കപെടുന്നതും അവൻ കണ്ടു….

വിശുദ്ധബലി അർപ്പിക്കപ്പെടണമെങ്കിൽ പരിശുദ്ധ അമ്മ എന്റെ കൂടെ വേണം എന്ന നിർബന്ധം അവനു ഉണ്ടായിരുന്നു….

കൂദാശയുടെ പരികർമ്മം അവൻ പഠിച്ചു…. സ്വർഗീയ സാന്നിധ്യം അതിലൂടെ അവൻ തിരിച്ചറിയയുകയായിരുന്നു…..

കാത്തിരുന്ന സുദിനം വന്നെത്തി…. അതേ ഇന്ന് പേരിനു മുൻപിൽ അച്ഛൻ എന്നൊരു വിശേഷണം ചേർക്കപ്പെടുകയാണ്….

അതിരാവിലെ പ്രാർത്ഥനാമുറിയിൽ എന്റെ മകന്റെ കുരിശിൻ ചുവട്ടിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ കരഞ്ഞു ഇതിനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് അവൻ ആവർത്തിച്ചു കൊണ്ടിരുന്നു….

ഈ സമയം എന്റെ മകനാണ് ഈശോ തന്നെ നേരിട്ട് ശക്തിപ്പെടുത്തി അവിടുന്ന് പറഞ്ഞു നിന്റെ ബലഹീനതയിലാണ് എന്റെ ശക്തി പ്രകടമാകുന്നത്… അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു ഇതായിരിക്കും ഇനിയുള്ള എന്റെ സംഭാഷണങ്ങൾ എന്നവൻ മനസിലാക്കി…

ഒരു ഇടവക മുഴുവൻ പുത്തൻ കുർബാനക്കായി ഒരുങ്ങുകയാണ് ശബ്‍ദകോലാഹലങ്ങൾ ഉണ്ട്… ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലാണ് പലരും…. വിശേഷങ്ങൾ പറയുന്നതിന്റെ ഇടയിൽ ഈ വൈദീകന് വേണ്ടി പ്രാര്ഥിക്കുന്നവർ ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു… ആരുമില്ലായിരുന്നു….

വിശുദ്ധിയുടെ പടവുകൾ കയറാൻ… വിശ്വാസത്തിന്റെ പടച്ചട്ട അണിയാൻ… സ്നേഹത്തിന്റെ മുഖമാകാൻ….. പ്രത്യാശയുടെ സുവിശേഷമാകാൻ… പോകുന്ന വൈദീകന് വേണ്ടി പ്രാര്ഥിക്കേണ്ടത് ആരാണ്…….

ഞാനാണ് എന്ന് ഞാൻ പറഞ്ഞു പോയി…..

ഞാൻ ഈശോയുടെ മുൻപിൽ മുട്ട്കുത്തി…. കണ്ണുനീരോടെ… ചൊല്ലി നിത്യപുരോഹിതനായ ഈശോയെ………

Sweety Davis
New Jerusalem🖊️

Leave a comment