ദിവ്യബലി വായനകൾ – 4th Sunday of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 14/3/2021

4th Sunday of Lent – Proper Readings 
(see also The Man Born Blind)

Liturgical Colour: Rose or Violet.

പ്രവേശകപ്രഭണിതം

cf. ഏശ 66:10-11

ജറുസലേമേ, സന്തോഷിച്ചാലും,
അവളെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാവരും ഒരുമിച്ചുകൂടുവിന്‍.
ദുഃഖത്തിലായിരുന്ന നിങ്ങള്‍ ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ ആര്‍ത്തുല്ലസിക്കുകയും
അവളുടെ സാന്ത്വനസ്തന്യത്താല്‍ സംതൃപ്തിയടയുകയും ചെയ്യുവിന്‍.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മാനവരാശിയുടെ അനുരഞ്ജനം
അങ്ങേ വചനത്താല്‍ വിസ്മയകരമാംവിധം അങ്ങ് നിറവേറ്റിയല്ലോ.
അങ്ങനെ, തീക്ഷ്ണമായ ഭക്തിയോടും
തീവ്രമായ വിശ്വാസത്തോടും കൂടെ ക്രൈസ്തവ ജനത,
ആസന്നമാകുന്ന മഹോത്സവങ്ങളിലേക്ക്
വേഗത്തില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 ദിന 36:14-16,19-23
കര്‍ത്താവിന്റെ ക്രോധവും കരുണയും പ്രവാസത്തിലും ജനതയുടെ വിമോചനത്തിലും പ്രകടമായിരുന്നു.

ജനതകളുടെ മ്‌ളേച്ഛതകള്‍ അനുകരിച്ച് പുരോഹിത പ്രമുഖരും ജനവും അത്യധികം അവിശ്വസ്തരായിത്തീര്‍ന്നു. ജറുസലെമില്‍ കര്‍ത്താവിനു പ്രതിഷ്ഠിതമായിരുന്ന ആലയം അവര്‍ അശുദ്ധമാക്കി. പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തന്റെ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകള്‍ പുച്ഛിച്ചുതള്ളുകയും പ്രവാചകന്മരെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കര്‍ത്താവിന്റെ ക്രോധം അപ്രതിഹതമാം വിധം അവിടുത്തെ ജനത്തിനെതിരേ ഉയര്‍ന്നു.
അവന്‍ ദേവാലയം അഗ്‌നിക്കിരയാക്കി. ജറുസലെമിന്റെ മതിലുകള്‍ ഇടിച്ചുനിരത്തി. അതിലെ മന്ദിരങ്ങള്‍ ചുട്ടെരിച്ചു. വിലപിടിപ്പുള്ള പാത്രങ്ങള്‍ നശിപ്പിച്ചു. വാളില്‍ നിന്നു രക്ഷപെട്ടവരെ അവന്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. പേര്‍ഷ്യാരാജ്യം സ്ഥാപിതമാകുന്നതുവരെ അവര്‍ അവനും അവന്റെ പുത്രന്മാര്‍ക്കും ദാസന്മാരായി കഴിഞ്ഞു. അങ്ങനെ ജറെമിയാ വഴി കര്‍ത്താവരുളിച്ചെയ്ത വചനം പൂര്‍ത്തിയായി. ദേശം അതിന്റെ സാബത്ത് ആസ്വദിച്ചു. എഴുപതു വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ശൂന്യമായിക്കിടന്ന നാളുകളത്രയും ദേശം സാബത്ത് ആചരിച്ചു. ജറെമിയാ വഴി കര്‍ത്താവ് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പേര്‍ഷ്യാരാജാവായ സൈറസ് ഭരണം തുടങ്ങിയ ഒന്നാം ആണ്ടില്‍ത്തന്നെ സാമ്രാജ്യത്തിലെങ്ങും ഈ കല്‍പന വിളംബരം ചെയ്യാനും അത് എഴുതി പ്രദര്‍ശിപ്പിക്കാനും കര്‍ത്താവ് അവനെ ഉത്തേജിപ്പിച്ചു. പേര്‍ഷ്യാ രാജാവായ സൈറസ് ആജ്ഞാപിക്കുന്നു, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും എനിക്കു കീഴ്‌പെടുത്തിയിരിക്കുന്നു. യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ഒരു ആലയം പണിയാന്‍ അവിടുന്ന് എന്നോടു കല്‍പിച്ചിരിക്കുന്നു. അവിടുത്തെ ജനത്തില്‍പ്പെട്ട ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവന്‍ പുറപ്പെടട്ടെ. അവന്റെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരിക്കട്ടെ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 137:1-2,3,4-5,6

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു
സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
അവിടെയുള്ള അലരിവൃക്ഷങ്ങളില്‍
ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു
പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു;
ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്
തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

വിദേശത്തു ഞങ്ങള്‍ എങ്ങനെ
കര്‍ത്താവിന്റെ ഗാനം ആലപിക്കും?
ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍,
എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍,
ജറുസലെമിനെ എന്റെ ഏറ്റവും വലിയ
സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍,
എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!

രണ്ടാം വായന

എഫേ 2:4-10
നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കൃപയാല്‍ നമ്മള്‍ രക്ഷിക്കപ്പെട്ടു.

സഹോദരരേ, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസം വഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 3:14-21
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിച്ചുകൊണ്ട്,
നിത്യൗഷധത്തിന്റെ കാണിക്കകള്‍ സന്തോഷപൂര്‍വം ഞങ്ങളര്‍പ്പിക്കുന്നു.
അങ്ങനെ, അവയെ ഞങ്ങള്‍ വിശ്വസ്തതയോടെ വണങ്ങാനും
ലോകരക്ഷയ്ക്കു വേണ്ടി അനുയുക്തമാംവിധം കാഴ്ചവയ്ക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ജറുസലേം, നന്നായി പണിതിണക്കപ്പെട്ട നഗരം.
കര്‍ത്താവേ, അങ്ങേ നാമം ഏറ്റുപറയാന്‍ ഗോത്രങ്ങള്‍,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍ അതിലേക്ക് കയറിക്കൊണ്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഈ ലോകത്തിലേക്കു വരുന്ന എല്ലാ മനുഷ്യരെയും
പ്രകാശിപ്പിക്കുന്ന ദൈവമേ,
അങ്ങേ കൃപയുടെ ദീപ്തിയാല്‍
ഞങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കണമേ.
അങ്ങനെ, അങ്ങേ മഹിമയ്ക്ക്
യോഗ്യവും പ്രീതികരവുമായവ
എപ്പോഴും മനനം ചെയ്യാനും
അങ്ങയെ ആത്മാര്‍ഥമായി സ്‌നേഹിക്കാനും
ഞങ്ങള്‍ ശക്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെ കടാക്ഷിക്കണമേ.
ബലഹീനരെ ശക്തിപ്പെടുത്തണമേ.
മരണത്തിന്റെ ഇരുളില്‍ നടക്കുന്നവരെ
അങ്ങേ പ്രകാശത്താല്‍ സദാ ഉജ്ജീവിപ്പിക്കുകയും
എല്ലാ തിന്മകളിലും നിന്ന് കരുണാപൂര്‍വം രക്ഷിക്കപ്പെട്ടവര്‍,
സമുന്നതമായ നന്മയില്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment