ദിവ്യബലി വായനകൾ – 6th Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 9/5/2021


6th Sunday of Easter 

Liturgical Colour: White.

If the Ascension of the Lord is going to be celebrated next Sunday, the alternative Second Reading and Gospel shown here (which would otherwise have been read on that Sunday) may be used today.

പ്രവേശകപ്രഭണിതം

cf. ഏശ 48:20

സന്തോഷത്തിന്റെ സന്ദേശം പ്രഖ്യാപിക്കുക;
അത് കേള്‍ക്കപ്പെടട്ടെ.
കര്‍ത്താവ് തന്റെ ജനത്തെ രക്ഷിച്ചുവെന്ന്
ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഉത്ഥിതനായ കര്‍ത്താവിന്റെ മഹിമയ്ക്കായി
ഞങ്ങള്‍ അനുഷ്ഠിക്കുന്ന സന്തോഷത്തിന്റെ ഈ ദിനങ്ങള്‍
ഭക്തിതീക്ഷ്ണതയോടെ ആഘോഷിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, അതിന്റെ സ്മരണയാല്‍ ഞങ്ങള്‍ ആചരിക്കുന്നത്
പ്രവൃത്തിയിലും എപ്പോഴും നിലനിര്‍ത്തുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 10:25-26,34-35,44-48
വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടു.

പത്രോസ് അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച് കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. എഴുന്നേല്‍ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേല്‍പിച്ചു.
പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.
പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്‌ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു: നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്‌നാനം നല്‍കാന്‍ അവന്‍ കല്‍പിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവര്‍ അവനോട് അഭ്യര്‍ഥിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
or
അല്ലേലൂയ!

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
or
അല്ലേലൂയ!

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
or
അല്ലേലൂയ!

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
or
അല്ലേലൂയ!

രണ്ടാം വായന

1 യോഹ 4:7-10
ദൈവം സ്‌നേഹമാണ്.


പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം;
എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.
സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;
അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
കാരണം, ദൈവം സ്‌നേഹമാണ്.
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി
ദൈവം അവനെ ലോകത്തിലേക്കയച്ചു.
അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല,
അവിടുന്നു നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 15:9-17
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും.
ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്. ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്.
ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങേ പക്കലേക്ക് ഉയരട്ടെ.
അങ്ങനെ, അങ്ങേ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 14:15-16

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ എന്റെ കല്പന പാലിക്കും.
ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും
എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കാന്‍
മറ്റൊരു സഹായകനെ അവിടന്നു നിങ്ങള്‍ക്ക് തരുകയും ചെയ്യും,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക്
പുനരാനയിക്കുന്നുവല്ലോ.
പെസഹാരഹസ്യത്തിന്റെ ഫലങ്ങള്‍
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment