ദിവ്യബലി വായനകൾ, The Ascension of the Lord

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

16-May-2021, ഞായർ

The Ascension of the Lord – Mass of the Day 

Liturgical Colour: White.

____

ഒന്നാം വായന

അപ്പോ. പ്രവ. 1:1-11

അപ്പോസ്തലന്മാര്‍ നോക്കിനില്‍ക്കേ, യേശു ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു.

അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പോസ്തലന്മാര്‍ക്ക് പരിശുദ്ധാത്മാവു വഴി കല്‍പന നല്‍കിയതിനു ശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസം വരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. കല്പന നല്‍കിയതിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസം വരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. പീഡാനുഭവത്തിനു ശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു. അവന്‍ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍ നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും.
ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കിനില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടു പേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതു പോലെ തന്നെ തിരിച്ചു വരും.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 47:1-2,5-6,7–8

R. ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.

ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്‍പില്‍ ആഹ്‌ളാദാരവം മുഴക്കുവിന്‍. അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.

R. ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.

ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ
ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍; സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍;
കീര്‍ത്തനങ്ങളാലപിക്കുവിന്‍.

R. ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.

ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനം കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം ജനതകളുടെ മേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു.

R. ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്യുന്നു.

____

EITHER: ——–

രണ്ടാം വായന

എഫേ 4:1-13

ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

സഹോദരരേ, കര്‍ത്താവിനു വേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതു പോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെ ക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തു എന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നു കൂടിയല്ലേ?ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍ വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണം ചെയ്തവനും. അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതു വരെ ഇതു തുടരേണ്ടിയിരിക്കുന്നു.

OR: ——–

രണ്ടാം വായന

എഫേ 4:1-7,11-13

ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടി.

സഹോദരരേ, കര്‍ത്താവിനു വേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതു പോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം. നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതു വരെ ഇതു തുടരേണ്ടിയിരിക്കുന്നു.

OR: ——–

രണ്ടാം വായന

എഫേ 1:17-23

ദൈവം ക്രിസ്തുവിനെ സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തി.

സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതു തരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനു അനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്.

——–

കർത്താവിന്റെ വചനം.
____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 28:19,20

അല്ലേലൂയാ, അല്ലേലൂയാ!

നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

അല്ലേലൂയാ!

____

സുവിശേഷം

മാര്‍ക്കോ 16:15-20

യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

യേശു പതിനൊന്നുപേര്‍ക്ക് പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനു ശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment