ദിവ്യബലി വായനകൾ – Wednesday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 19/5/2021


Wednesday of the 7th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

സങ്കീ 47:2

സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ആഹ്ളാദത്തോടെ ദൈവത്തെ പാടിസ്തുതിക്കുവിന്‍,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ട അങ്ങേ തിരുസഭ
പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സമര്‍പ്പിതയാകാനും
സംശുദ്ധമായ മനസ്സോടെ ഐക്യപ്പെടാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 20:28-38
നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്കര്‍ഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും.

പൗലോസ് എഫേസോസിലെ ശ്രേഷ്ഠന്മാരോട് പറഞ്ഞു:
നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍ നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന് അനുസ്മരിക്കുവിന്‍. നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്കര്‍ഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും. ഞാന്‍ ആരുടെയും വെള്ളിയോ സ്വര്‍ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. എന്റെയും എന്നോടുകൂടെ ഉണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്റെ ഈ കൈകള്‍ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാം. ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്കു ഞാന്‍ മാതൃക നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.
ഇതു പറഞ്ഞതിനുശേഷം അവന്‍ മുട്ടുകുത്തി മറ്റെല്ലാവരോടുംകൂടെ പ്രാര്‍ഥിച്ചു. അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനം ചെയ്തു ഗാഢമായി ചുംബിച്ചു. ഇനിമേല്‍ അവര്‍ അവന്റെ മുഖം ദര്‍ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ ദുഃഖിച്ചത്. അനന്തരം, അവര്‍ കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 68:28-29,32-35

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയാ!

ദൈവമേ, അങ്ങേ ശക്തിപ്രകടിപ്പിക്കണമേ!
ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ ചെയ്ത ദൈവമേ,
അങ്ങേ ശക്തി പ്രകടിപ്പിക്കണമേ!
ജറുസലെമിലെ അങ്ങേ ആലയത്തിലേക്കു
രാജാക്കന്മാര്‍ അങ്ങേക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നു.

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയാ!

ഭൂമിയിലെ രാജ്യങ്ങളേ,
ദൈവത്തിനു സ്തുതികളാലപിക്കുവിന്‍,
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍.
ആകാശങ്ങളില്‍, അനാദിയായ
സ്വര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവനു തന്നെ.
അതാ, അവിടുന്നു തന്റെ ശബ്ദം,
ശക്തമായ ശബ്ദം, മുഴക്കുന്നു.
ദൈവത്തിന്റെ ശക്തി ഏറ്റുപറയുവിന്‍,

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയാ!

അവിടുത്തെ മഹിമ ഇസ്രായേലിന്റെ മേലുണ്ട്;
അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്.
ഇസ്രായേലിന്റെ ദൈവമായ അവിടുന്നു
തന്റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്;
അവിടുന്നു തന്റെ ജനത്തിനു ശക്തിയും
അധികാരവും പ്രദാനം ചെയ്യുന്നു.
ദൈവം വാഴ്ത്തപ്പെടട്ടെ!

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിന്‍.
or
അല്ലേലൂയാ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


യോഹ 17:11-19
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്.

യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ! ഞാന്‍ അവരോടുകൂടെ ആയിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു. വിശുദ്ധലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങേ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂര്‍ണതയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്. അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റെതല്ലാത്തതുപോലെ അവരും ലോകത്തിന്റെതല്ല. ലോകത്തില്‍ നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനില്‍ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്. ഞാന്‍ ലോകത്തിന്റെതല്ലാത്തതുപോലെ അവരും ലോകത്തിന്റെതല്ല. അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു. അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
യോഹ 15:26-27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന ആശ്വാസകന്‍,
പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോള്‍
അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്കും,
നിങ്ങളും സാക്ഷ്യം നല്കും, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്തിന്റെ പങ്കാളിത്തം
അങ്ങേ കൃപ ഞങ്ങളില്‍ നിരന്തരം വര്‍ധമാനമാക്കുകയും
അതിന്റെ ശക്തിയാല്‍ ഞങ്ങളെ ശുദ്ധീകരിച്ച്
ഇത്രവലിയ ദാനങ്ങള്‍ ഇടവിടാതെ സ്വീകരിക്കാന്‍
ഞങ്ങളെ ശക്തരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment