ദിവ്യബലി വായനകൾ – Friday of the 7th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 21/5/2021

Friday of the 7th week of Eastertide 
or Saint Christopher Magallanes and his Companions, Martyrs 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 1:5-6

ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
സ്വന്തം രക്തത്താല്‍ നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ മോചിപ്പിച്ച്
തന്റെ ദൈവവും പിതാവുമായവന്റെ
രാജ്യവും പുരോഹിതരുമാക്കുകയും ചെയ്തു, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ക്രിസ്തുവിന്റെ മഹത്ത്വീകരണത്താലും
പരിശുദ്ധാത്മാവിന്റെ പ്രകാശനത്താലും
നിത്യതയുടെ കവാടം ഞങ്ങള്‍ക്കായി തുറന്നുതന്നുവല്ലോ.
അങ്ങനെ, ഇത്ര മഹത്തായ ദാനത്തിന്റെ ഭാഗഭാഗിത്വംവഴി,
ഞങ്ങളുടെ ഭക്തി വര്‍ധമാനമാക്കുകയും
വിശ്വാസത്തിന്റെ അഭിവൃദ്ധിയിലേക്കു നയിക്കപ്പെടാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 25:13-21
യേശു മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ഥിച്ചു.

അഗ്രിപ്പാരാജാവും ബര്‍നിക്കെയും ഫേസ്തൂസിനെ അഭിവാദനം ചെയ്യാന്‍ കേസറിയായില്‍ എത്തി. അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിച്ചു. ഫേസ്തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ഫെലിക്‌സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യന്‍ ഇവിടെയുണ്ട്. ഞാന്‍ ജറുസലെമില്‍ ആയിരുന്നപ്പോള്‍ പുരോഹിതപ്രമുഖന്മാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാന്‍ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നെ ധരിപ്പിച്ചു. വാദിയെ മുഖാഭിമുഖം കണ്ട്, തന്റെ മേല്‍ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരം നല്‍കാതെ, അവനെ ഏല്‍പിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാന്‍ മറുപടി പറഞ്ഞു. അവര്‍ ഇവിടെ ഒരുമിച്ചുകൂടിയപ്പോള്‍, ഒട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് ആ മനുഷ്യനെ കൊണ്ടുവരാന്‍ കല്‍പിച്ചു. വാദികള്‍ കുറ്റാരോപണം ആരംഭിച്ചപ്പോള്‍, സങ്കല്പിച്ച തരത്തിലുള്ള ഒരു തിന്മയും അവന്റെ മേല്‍ ചുമത്തിക്കണ്ടില്ല. എന്നാല്‍, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമര്‍ഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചും മാത്രമേ അവര്‍ക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു. എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെ വന്നപ്പോള്‍ ജറുസലെമിലേക്കു പോകാനും അവിടെവച്ച് ഇവയെപ്പറ്റി വിചാരണ ചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാന്‍ അവനോടു ചോദിച്ചു. എന്നാല്‍, ചക്രവര്‍ത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്‍കണമെന്നു പൗലോസ് അപേക്ഷിച്ചതിനാല്‍, സീസറിന്റെ അടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവില്‍ വയ്ക്കാന്‍ ഞാന്‍ ആജ്ഞാപിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,11-12,19-20

കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
or
അല്ലേലൂയ!

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
or
അല്ലേലൂയ!

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ്
തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.

കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു;
എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ്.
കര്‍ത്താവിന്റെ വചനം ശ്രവിക്കുകയും
അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന
ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍.

കര്‍ത്താവു തന്റെ സിംഹാസനം സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 21:15-19
എന്റെ ആടുകളെ മേയിക്കുക. എന്റെ കുഞ്ഞാടുകളെ മേയിക്കുക.

അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ബലിവസ്തുക്കള്‍
കരുണയോടെ കടാക്ഷിക്കണമേ.
അങ്ങനെ, അങ്ങേക്ക് അവ സ്വീകാര്യമാക്കി തീര്‍ക്കുകയും
പരിശുദ്ധാത്മാവിന്റെ ആഗമനത്താല്‍
ഞങ്ങളുടെ മനഃസാക്ഷി ശുദ്ധീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 16:13

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ പൂര്‍ണ സത്യത്തിലേക്ക് നയിക്കും.
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ ശുദ്ധീകരിക്കപ്പെടുകയും
പരിപോഷിപ്പിക്കപ്പെടുകയും ചെയ്തുവല്ലോ.
അങ്ങനെ, അങ്ങ് ഞങ്ങള്‍ക്കു നല്കിയ അവയുടെ പോഷണം,
നിത്യജീവന്‍ നല്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment