🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി, 28/5/2021
Friday of week 8 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 18:19-20
കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.
അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.
എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായ
ക്രമീകരണത്താല്‍ നിയന്ത്രിക്കാനും
അങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍
ആനന്ദിക്കാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 44:1b,9-13
നമ്മുടെ പിതാക്കന്മാര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ നാമം എന്നേയ്ക്കും നിലനില്ക്കും.
നമുക്കിപ്പോള്‍ മഹത്തുക്കളെയും
നമ്മുടെ പൂര്‍വപിതാക്കന്മാരെയും
തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.
സ്മരണ അവശേഷിപ്പിക്കാതെ മാഞ്ഞുപോയവരുമുണ്ട്;
ജീവിക്കുകയോ ജനിക്കുകപോലുമോ
ചെയ്തില്ലെന്നു തോന്നുമാറ് അവര്‍ മണ്‍മറഞ്ഞു;
അവരുടെ മക്കളും അങ്ങനെതന്നെ.
എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു;
അവരുടെ സത്പ്രവൃത്തികള്‍ വിസ്മരിക്കപ്പെട്ടിട്ടില്ല.
അവരുടെ ഐശ്വര്യം അവരുടെ പിന്‍ഗാമികളിലും
അവരുടെ അവകാശം മക്കളുടെ മക്കളിലും നിലനില്‍ക്കും.
അവരുടെ സന്തതികള്‍ ഉടമ്പടികള്‍ പാലിക്കും;
അവരുടെ മക്കളും അവയ്ക്കുവേണ്ടി നിലകൊള്ളും.
അവരുടെ ഭാവിതലമുറകള്‍ എന്നേക്കും നിലനില്‍ക്കും;
അവരുടെ പ്രതാപം മാഞ്ഞുപോവുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 149:1b-2,3-4,5-6a,9b
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍
തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
നൃത്തം ചെയ്തുകൊണ്ട് അവര്‍
അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍
ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍
ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 11:11-26
എന്റെ ഭവനം എല്ലാ ജനതയ്ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. ദൈവത്തില്‍ വിശ്വസിക്കുക.
അക്കാലത്ത്, യേശു ജറുസലെമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി; ചുറ്റുംനോക്കി എല്ലാം കണ്ടശേഷം, നേരം വൈകിയിരുന്നതിനാല്‍, പന്ത്രണ്ടു പേരോടുംകൂടെ ബഥാനിയായിലേക്കു പോയി. അടുത്ത ദിവസം അവര്‍ ബഥാനിയായില്‍ നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍ നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്റെ ശിഷ്യന്മാര്‍ ഇതുകേട്ടു.
അവര്‍ ജറുസലെമിലെത്തി. അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. ദേവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടു പോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല. അവന്‍ അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പ്രധാന പുരോഹിതന്മാരും നിയമജ്ഞരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചു; കാരണം, അവനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.
അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. അപ്പോള്‍ പത്രോസ് അവനെ അനുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! യേശു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചുകിട്ടും. അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ നാമത്തിനായി അര്‍പ്പിക്കപ്പെടേണ്ടവ
അങ്ങേക്കു നല്കുകയും
ഞങ്ങളുടെ ശുശ്രൂഷയുടെ അര്‍പ്പണത്തിനായി
കാഴ്ചദ്രവ്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുവല്ലോ.
അങ്ങനെ, അങ്ങു നല്കുന്നവ നേട്ടമായി തീരാനും
അങ്ങു ഞങ്ങളില്‍ ചൊരിയുന്നവ
ഞങ്ങള്‍ക്ക് പ്രതിഫലമായിത്തീരാനും
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 13:6
എനിക്ക് നന്മകള്‍ നല്കിയ കര്‍ത്താവിനെ
ഞാന്‍ പാടിസ്തുതിക്കുകയും
അത്യുന്നതനായ കര്‍ത്താവിന്റെ നാമം പ്രകീര്‍ത്തിക്കുകയും ചെയ്യും.
Or:
മത്താ 28: 20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, യുഗാന്തംവരെ എല്ലായ്പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment