🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
03-June-2021, വ്യാഴം
Saints Charles Lwanga and his Companions, Martyrs on Thursday of week 9 in Ordinary Time
Liturgical Colour: Red.
____
ഒന്നാം വായന
തോബി 6:10-11,7:1,9-14,8:4-9
ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്.
അക്കാലത്ത്, തോബിയാസ് ദൂതനോടു ചോദിച്ചു: എവിടെ താമസിക്കാനാണു താങ്കള്‍ ഉദ്ദേശിക്കുന്നത്? അപ്പോള്‍ ദൂതന്‍ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവന്‍ നിന്റെ ബന്ധുവാണ്. അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
അനന്തരം, തോബിയാസ് റഫായേലിനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്, യാത്രയില്‍ നമ്മള്‍ സംസാരിച്ച കാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കുക. ദൂതന്‍ അക്കാര്യം റഗുവേലിനെ അറിയിച്ചു. റഗുവേല്‍ തോബിയാസിനോടു പറഞ്ഞു: തിന്നും കുടിച്ചും ഉല്ലസിക്കുക. എന്റെ മകളെ പരിഗ്രഹിക്കുന്നതു നിന്റെ അവകാശമാണ്. എന്നാല്‍, ഒരു കാര്യം എനിക്കു നിന്നോടു തുറന്നു പറയാനുണ്ട്. എന്റെ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപിച്ച രാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ളാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പു തരാതെ ഞാന്‍ ഒന്നും ഭക്ഷിക്കുകയില്ല. റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്ധുവാണ്; അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്ക് ഇരുവര്‍ക്കും ശുഭം വരുത്തട്ടെ! അവന്‍ പുത്രി സാറായെ കൈയ്ക്കു പിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാ, ഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്റെ പിതാവിന്റെ അടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ ഭാര്യ എദ്‌നായെ വിളിച്ച്, ഒരു ചുരുള്‍ എടുത്ത്, അതില്‍ വിവാഹ വാഗ്ദാനം എഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയും വച്ചു. അനന്തരം, അവര്‍ ഭക്ഷണം കഴിച്ചു. റഗുവേല്‍ തന്റെ ഭാര്യ എദ്‌നായെ വിളിച്ചു പറഞ്ഞു: അടുത്ത മുറി ഒരുക്കി അവളെ അങ്ങോട്ടു നയിക്കുക. അവള്‍ അങ്ങനെ ചെയ്തു. സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ് നിന്റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ.
മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ് എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക് എഴുന്നേറ്റു കര്‍ത്താവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം.
തോബിയാസ് ഇങ്ങനെ പ്രാര്‍ഥിച്ചു: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെടട്ടെ! അവിടുത്തെ വിശുദ്ധവും മഹനീയവുമായ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ആകാശവും അങ്ങേ സകലസൃഷ്ടികളും അങ്ങയെ വാഴ്ത്തട്ടെ! അവിടുന്ന് ആദത്തെ സൃഷ്ടിച്ചു. അവനു തുണയും താങ്ങുമായി ഹവ്വായെ ഭാര്യയായി നല്‍കി. അവരില്‍ നിന്നു മാനവവംശം ഉദ്ഭവിച്ചു. അവിടുന്ന് പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല. അവനു വേണ്ടി അവനെപ്പോലുള്ള ഒരു തുണയെ നമുക്കു സൃഷ്ടിക്കാം. കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങേ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! അവള്‍ ആമേന്‍ എന്ന് ഏറ്റുപറഞ്ഞു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 128:1-2,3,4-5
R. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;. നിനക്കു നന്മ വരും.
R. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍ പോലെയും.
R. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
R. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
____
സുവിശേഷ പ്രഘോഷണവാക്യം
cf. യോഹ 6:63,68
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!
Or:
cf. 2 തിമോ 1:10
അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയാ!
____
സുവിശേഷം
മാര്‍ക്കോ 12:28-34
എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് … ഇതുപോലെ തന്നെയത്രേ രണ്ടാമത്തെ കല്പനയും.
അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ തന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment