ദിവ്യബലി വായനകൾ – 11th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 13/6/2021

11th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 17:22-24
കര്‍ത്താവായ ഞാന്‍ താഴ്ന്ന മരത്തെ ഉയര്‍ത്തുന്നു.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:

ഉയരമുള്ള ദേവദാരുവിന്റെ മുകളില്‍ നിന്ന് ഒരു കൊമ്പെടുത്ത് ഞാന്‍ നടും.
അതിന്റെ ഇളം ചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത്
ഉന്നതമായ പര്‍വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍ത്തന്നെ ഞാന്‍ അതു നടും.
അത് ശാഖകള്‍ വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും
ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും.
എല്ലാത്തരം മൃഗങ്ങളും അതിന്റെ കീഴില്‍ വസിക്കും.
അതിന്റെ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
കര്‍ത്താവായ ഞാന്‍ താഴ്ന്ന മരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും,
പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയും ചെയ്യുന്നുവെന്നു
വയലിലെ വൃക്ഷങ്ങളെല്ലാം അപ്പോള്‍ അറിയും –
കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്.
ഞാന്‍ അത് നിറവേറ്റുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 92:1-3,12-15

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും
അങ്ങേ നാമത്തിനു സ്തുതികള്‍ ആലപിക്കുന്നതും എത്ര ശ്രേഷ്ഠം.
ദശതന്ത്രീനാദത്തോടുകൂടെയും കിന്നരവും വീണയും മീട്ടിയും
പ്രഭാതത്തില്‍ അങ്ങേ കരുണയെയും
രാത്രിയില്‍ അങ്ങേ വിശ്വസ്തതയെയും
ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.

നീതിമാന്മാര്‍ പനപോലെ തഴയ്ക്കും;
ലബനോനിലെ ദേവദാരുപോലെ വളരും.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.

അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു;
അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.
വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും;
അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും.
കര്‍ത്താവു നീതിമാനാണെന്ന് അവര്‍ പ്രഘോഷിക്കുന്നു;
അവിടുന്നാണ് എന്റെ അഭയശില;
അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.

രണ്ടാം വായന

2 കോറി 5:6-10
അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങള്‍ക്ക് എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍ നിന്ന് അകലെയാണെന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്. ശരീരത്തില്‍ നിന്ന് അകന്നിരിക്കാനും കര്‍ത്താവിനോട് അടുത്തിരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ വരണം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 4:26-34
അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു. ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ – ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുമ്പോള്‍ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവന്‍ അരിവാള്‍ വയ്ക്കുന്നു.
അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമ കൊണ്ട് അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതു വളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. അവര്‍ക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവന്‍ വചനം പ്രസംഗിച്ചു. ഉപമകളിലൂടെയല്ലാതെ അവന്‍ അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, ശിഷ്യന്മാര്‍ക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.


Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment