🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 28/6/2021
Saint Irenaeus, Bishop, Martyr
on Monday of week 13 in Ordinary Time
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശ്വാസസത്യങ്ങളും സഭാസമാധാനവും
സന്തോഷത്തോടെ ഉറപ്പിക്കുന്നതിനായി
മെത്രാനായ വിശുദ്ധ ഇറനേവൂസിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്തിലും സ്‌നേഹത്തിലും നവീകൃതരായി,
ഐക്യവും സഹവര്‍ത്തിത്വവും എന്നും പരിപോഷിപ്പിക്കുന്നതില്‍
ഉത്സുകരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ…
ഒന്നാം വായന
ഉത്പ 18:16-33
ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരേയും അങ്ങു നശിപ്പിക്കുമോ?
അക്കാലത്ത്, അബ്രാഹത്തെ സന്ദര്‍ശിച്ച മൂന്നുപേര്‍ അവിടെ നിന്നെഴുന്നേറ്റു സോദോമിനു നേരേ തിരിച്ചു. വഴിയിലെത്തുന്നതുവരെ അബ്രാഹം അവരെ അനുയാത്ര ചെയ്തു. കര്‍ത്താവ് ആലോചിച്ചു: അബ്രാഹം മഹത്തും ശക്തവുമായ ഒരു ജനതയായി തീരുമെന്നും ഭൂമിയിലെ ജനപദങ്ങളെല്ലാം അവനിലൂടെ അനുഗ്രഹിക്കപ്പെടുമെന്നും അറിഞ്ഞിരിക്കേ, ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യം അവനില്‍ നിന്നു മറച്ചുവയ്ക്കണമോ? ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയും ന്യായവും പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കും എതിരേയുള്ള മുറവിളി വളരെ വലുതാണ്. അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടം വരെ പോകുകയാണ്.
അവര്‍ അവിടെ നിന്നു സോദോമിനു നേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു.
അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെ പ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക – അത് അങ്ങില്‍ നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതി പ്രവര്‍ത്തിക്കാതിരിക്കുമോ? കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്മാരെ ഞാന്‍ കണ്ടെത്തുന്നപക്ഷം അവരെ പ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. നീതിമാന്മാര്‍ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചു പേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചു പേരെ കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതു പേരേ ഉള്ളുവെങ്കിലോ? അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതു പേരെ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്‌ഷേ, മുപ്പതു പേരെ ഉള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതു പേരെ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതു പേരെ ഉള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതു പേരെ പ്രതി ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണ കൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെ ഉള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തു പേരെ പ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെനിന്നു പോയി. അബ്രാഹവും സ്വന്തം സ്ഥലത്തേക്കു മടങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 103:1-2,3-4,8-9,10
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 8:18-22
നീ എന്നെ അനുഗമിക്കുക.
അക്കാലത്ത്, തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. ശിഷ്യന്മാരില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി എന്റെ പിതാവിനെ സംസ്‌കരിച്ചിട്ടുവരാന്‍ എന്നെ അനുവദിക്കണമേ. യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഇറനേവൂസിന്റെ ജനനത്തില്‍
സാനന്ദം അങ്ങേക്ക് ഞങ്ങള്‍ അര്‍പ്പിക്കുന്ന ബലി
അങ്ങേക്കു മഹത്ത്വം നല്കുകയും
സത്യത്തോടുള്ള സ്‌നേഹം
ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യട്ടെ.
അങ്ങനെ, സഭയുടെ അഭംഗമായ വിശ്വാസവും
സുദൃഢമായ ഐക്യവും
ഞങ്ങള്‍ കാത്തുപാലിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 15:4-5
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍;
ഞാന്‍ നിങ്ങളിലും വസിക്കും.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ,
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, മെത്രാനായ വിശുദ്ധ ഇറനേവൂസ്
മരണംവരെ കാത്തുസൂക്ഷിച്ച വിശ്വാസം
അദ്ദേഹത്തിന് മഹത്ത്വം നല്കിയല്ലോ.
ഈ വിശ്വാസത്തിന്റെ വര്‍ധന
ഈ ദിവ്യരഹസ്യങ്ങള്‍ വഴി കാരുണ്യപൂര്‍വം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങനെ, ഈ വിശ്വാസം യഥാര്‍ഥത്തില്‍ പിന്തുടരുന്ന ഞങ്ങളെയും
അതു നീതികരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment