ദിവ്യബലി വായനകൾ Friday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 9/7/2021

Friday of week 14 in Ordinary Time 
or Saint Augustine Zhao Rong and his Companions, Martyrs 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 46:1-7,28-30
നിന്റെ മുഖം കണ്ടതിനാല്‍, ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ!

അക്കാലത്ത്, തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍ യാത്ര തിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു. രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. അവിടുന്നു പറഞ്ഞു: ഞാന്‍ ദൈവമാണ്, നിന്റെ പിതാവിന്റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ്പെടേണ്ടാ. കാരണം, അവിടെ ഞാന്‍ നിന്നെ വലിയൊരു ജനമാക്കി വളര്‍ത്തും. ഞാന്‍ നിന്റെകൂടെ ഈജിപ്തിലേക്കു വരും. നിന്നെ തിരിയേ കൊണ്ടുവരുകയും ചെയ്യും. മരണസമയത്തു ജോസഫ് നിന്നെ ശുശ്രൂഷിക്കും.
യാക്കോബ് ബേര്‍ഷെബായില്‍ നിന്നു യാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി. തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടുപോയി. യാക്കോബും സന്തതികളും ഈജിപ്തിലെത്തി പുത്രന്മാരെയും, അവരുടെ പുത്രന്മാരെയും, പുത്രിമാരെയും, പുത്രന്മാരുടെ പുത്രിമാരെയും, തന്റെ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കു കൊണ്ടുപോയി.
ഗോഷെനിലേക്കുള്ള വഴി കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് ജോസഫിന്റെ അടുത്തേക്കു യൂദായെ മുന്‍കൂട്ടി അയച്ചു. അവര്‍ ഗോഷെനില്‍ എത്തിച്ചേര്‍ന്നു. ജോസഫ് തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥമൊരുക്കി ഗോഷെനിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു. ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു: ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ! എന്തെന്നാല്‍, ഞാന്‍ നിന്റെ മുഖം കാണുകയും നീ ജീവനോടെയിരിക്കുന്നു എന്ന് അറിയുകയും ചെയ്തിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 37:3-4,18-19,27-28,39-40

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല;
ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

തിന്മയില്‍ നിന്ന് അകന്നു നന്മ ചെയ്യുക,
എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു;
അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്;
കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 10:16-23
നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 34:8

കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

Or:
മത്താ 11:28

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങേ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment