🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
“ദിവ്യബലി വായനകൾ*
28-July-2021, ബുധൻ
Saint Alphonsa Muttathupadathu, Virgin on Wednesday of week 17 in Ordinary Time
Liturgical Colour: White.
____
ഒന്നാം വായന
പുറ 34:29-35
മോശയുടെ മുഖം അത്യധികം പ്രകാശമാനമായിരുന്നതിനാല്‍ ഇസ്രായേല്‍ ജനം അവനെ സമീപിക്കാന്‍ ഭയപ്പെട്ടു.
അക്കാലത്ത്, രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍ നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവന്‍ അറിഞ്ഞില്ല. അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്മാരും അടുത്തുചെന്നു. മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ് മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി. സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടം കൊണ്ടു മുഖം മറച്ചു. അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെ നിന്നു പുറത്തുവരുന്നതു വരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തു വന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു. ഇസ്രായേല്‍ ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതു വരെ മോശ മുഖം മറച്ചിരുന്നു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 99:5,6,7,9
R. നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
മോശയും അഹറോനും അവിടുത്തെ പുരോഹിതന്മാരില്‍പെട്ടവരാണ്; അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചവരില്‍
സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
R. നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
മേഘസ്തംഭത്തില്‍ നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു.
R. നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
നമ്മുടെ ദൈവമായ കര്‍ത്താവിനെ പുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍; അവിടുന്നു പരിശുദ്ധനാണ്.
R. നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
R. നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:105
അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
അല്ലേലൂയാ!
Or:
യോഹ 15:15
അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.
അല്ലേലൂയാ!
____
സുവിശേഷം
മത്താ 13:44-46
അയാള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നു.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment