ദിവ്യബലി വായനകൾ 18th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 1/8/2021

18th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍
അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 16:2-4,12-15
ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും.

അക്കാലത്ത്, മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു. ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും. വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുററും മഞ്ഞുവീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 78:3-4,23-24,25,54

കര്‍ത്താവ് അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന്‍ അപ്പം നല്‍കി.

പുരാതനചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം.
നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്;
പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്.
അവരുടെ മക്കളില്‍ നിന്നു നാം അതു മറച്ചുവയ്ക്കരുത്;
കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും
അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും
വരുംതലമുറയ്ക്കു വിവരിച്ചുകൊടുക്കണം.

കര്‍ത്താവ് അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന്‍ അപ്പം നല്‍കി.

അവര്‍ ദൈവത്തില്‍വിശ്വസിക്കുകയും
അവിടുത്തെ രക്ഷാകരശക്തിയില്‍ ആശ്രയിക്കുകയും ചെയ്തില്ല.
എങ്കിലും, അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു;
വാനിടത്തിന്റെ വാതിലുകള്‍ തുറന്നു.
അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു;
സ്വര്‍ഗീയധാന്യം അവര്‍ക്കു നല്‍കി.

കര്‍ത്താവ് അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന്‍ അപ്പം നല്‍കി.

മനുഷ്യന്‍ ദൈവദൂതന്മാരുടെ അപ്പംഭക്ഷിച്ചു;
അവിടുന്നു ഭക്ഷണം സമൃദ്ധമായി അയച്ചു.
അവിടുന്ന് അവരെ തന്റെ വിശുദ്ധദേശത്തേക്കും
തന്റെ വലത്തുകൈ നേടിയെടുത്ത പര്‍വതത്തിലേക്കും കൊണ്ടുവന്നു.

കര്‍ത്താവ് അവര്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന്‍ അപ്പം നല്‍കി.

രണ്ടാം വായന

എഫേ 4:17,20-24
ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

സഹോദരരേ, കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. പക്‌ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍ നിന്നു പഠിച്ചത്. നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ പഴയ ജീവിതരീതിയില്‍ നിന്നു രൂപംകൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:24-35
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി. യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്ര വച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് അപ്പം കൊടുത്തു എന്ന് എഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വര്‍ഗത്തില്‍ നിന്ന് നിങ്ങള്‍ക്കു യഥാര്‍ഥമായ അപ്പം തരുന്നത്. എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ. അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ജ്ഞാനം 16:20

കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.


Or:
യോഹ 6:35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്ര ചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment