ദിവ്യബലി വായനകൾ Monday of week 18 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

02-Aug-2021, തിങ്കൾ

Monday of week 18 in Ordinary Time 

or

Saint Eusebius of Vercelli, Bishop 

or

Saint Peter Julian Eymard 

Liturgical Colour: Green.

____

ഒന്നാം വായന

സംഖ്യ 11:4-15

ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല.

അക്കാലത്ത് ഇസ്രായേല്യര്‍ സങ്കടം പറച്ചില്‍ തുടര്‍ന്നു. ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക? ഈജിപ്തില്‍ വെറുതെ കിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചെമന്നുള്ളി, വെള്ളുള്ളി ഇവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു. ഇവിടെ ഞങ്ങളുടെ പ്രാണന്‍ പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല. മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിന്റെ നിറവുമായിരുന്നു. ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിലോ ഉരലിലോ ഇട്ടു പൊടിച്ചു കലത്തില്‍ വേവിച്ച് അപ്പം ഉണ്ടാക്കിപ്പോന്നു. എണ്ണ ചേര്‍ത്തു ചുട്ട അപ്പത്തിന്റെതുപോലെയായിരുന്നു അതിന്റെ രുചി. രാത്രി പാളയത്തിനുമേല്‍ മഞ്ഞു പെയ്യുമ്പോള്‍ മന്നായും പൊഴിയും.
ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്‍ക്കല്‍ ഇരുന്നു വിലപിക്കുന്നതു മോശ കേട്ടു. കര്‍ത്താവിന്റെ കോപം ആളിക്കത്തി; മോശയ്ക്കു നീരസം ജനിച്ചു. മോശ കര്‍ത്താവിനോടു പറഞ്ഞു: അങ്ങേ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നത് എന്തുകൊണ്ട്? അങ്ങ് എന്നോടു കൃപ കാട്ടാത്തതെന്തുകൊണ്ട്? ഈ ജനത്തിന്റെ ഭാരമെല്ലാം എന്തേ എന്റെമേല്‍ ചുമത്തിയിരിക്കുന്നു? ഞാനാണോ ഈ ജനത്തെ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു മുലകുടിക്കുന്ന കുഞ്ഞിനെ ധാത്രിയെന്നപോലെ, മാറില്‍ വഹിച്ചുകൊണ്ടു പോകുക എന്ന് എന്നോടു പറയുവാന്‍ ഞാനാണോ അവരെ പ്രസവിച്ചത്? ഈ ജനത്തിനെല്ലാം നല്‍കാന്‍ എവിടെ നിന്നു മാംസം കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുക എന്നു പറഞ്ഞ് അവര്‍ കരയുന്നു. ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല; അത് എന്റെ കഴിവിനതീതമാണ്. ഇപ്രകാരമാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍, കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയണം. ഈ കഷ്ടത ഞാന്‍ കാണാതിരിക്കട്ടെ.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 81:11-12,13-14,15-16

R. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

എന്റെ ജനം എന്റെ വാക്കു കേട്ടില്ല; ഇസ്രായേല്‍ എന്നെ കൂട്ടാക്കിയില്ല. അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെ ഹൃദയകാഠിന്യത്തിനു വിട്ടുകൊടുത്തു.

R. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍, അതിവേഗം അവരുടെ വൈരികളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു;
അവരുടെ ശത്രുക്കള്‍ക്കെതിരേ എന്റെ കരം ഉയര്‍ത്തുമായിരുന്നു.

R. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ ശിക്ഷ എന്നേക്കും നിലനില്‍ക്കുമായിരുന്നു. ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍ നിന്നുള്ള തേന്‍ കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.

R. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍.

____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 14:6

അല്ലേലൂയാ, അല്ലേലൂയാ!
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയാ!


Or:

മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ! മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു
അല്ലേലൂയാ!

____

സുവിശേഷം

മത്താ 14:13-21

അവന്‍ സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അത് ജനങ്ങള്‍ക്കു വിളമ്പി.

അക്കാലത്ത്, സ്‌നാപകയോഹന്നാന്റെ മരണത്തെപ്പറ്റി കേട്ടപ്പോള്‍ യേശു അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി. സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. എന്നാല്‍ യേശു പറഞ്ഞു: അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവന്‍ പറഞ്ഞു: അത് എന്റെ അടുത്തു കൊണ്ടുവരുക. അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനു ശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വര്‍ഗത്തിലേക്കു നോക്കി, ആശീര്‍വദിച്ച്, അപ്പം മുറിച്ച്, ശിഷ്യന്മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാര്‍ ആയിരുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ദിവ്യബലി വായനകൾ Monday of week 18 in Ordinary Time”

Leave a comment