ദിവ്യബലി വായനകൾ Dedication of the Basilica of Saint Mary Major 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 5/8/2021

Dedication of the Basilica of Saint Mary Major 
or Thursday of week 18 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്
അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍,
ഞങ്ങളുടെ കര്‍ത്താവായ അങ്ങേ പുത്രന്റെ മാതാവിന്റെ
മാധ്യസ്ഥ്യത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സംഖ്യ 20:1-13
ജീവനുള്ള ജലത്തിന്റെ ഉറവയായ അങ്ങ് ജലം അവര്‍ക്കുവേണ്ടി പുറപ്പെടുവിക്കണമേ.

അക്കാലത്ത്, ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍ മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.
അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂടി. ജനം മോശയോട് എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ മരിച്ചുവീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍! ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിന്റെ സമൂഹത്തെ ഈ മരുഭൂമിയിലേക്ക് എന്തിനു കൊണ്ടുവന്നു? ഈ ദുഷിച്ച സ്ഥലത്തേക്കു നയിക്കാന്‍ ഈജിപ്തില്‍ നിന്നു ഞങ്ങളെകൊണ്ടുവന്നതെന്തിന്? ഇതു ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ കിട്ടുന്ന സ്ഥലമല്ല; കുടിക്കാന്‍ വെള്ളംപോലുമില്ല. അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍ നിന്നു സമാഗമകൂടാര വാതില്‍ക്കല്‍ ചെന്ന് സാഷ്ടാംഗം വീണു. കര്‍ത്താവിന്റെ മഹത്വം അവര്‍ക്കു വെളിപ്പെട്ടു. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : നിന്റെ വടി കൈയിലെടുക്കുക; നീയും നിന്റെ സഹോദരന്‍ അഹറോനും കൂടി സമൂഹത്തെ വിളിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കാന്‍ അവരുടെ മുമ്പില്‍വച്ചു പാറയോട് ആജ്ഞാപിക്കുക; പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക. കല്‍പനയനുസരിച്ചു മോശ കര്‍ത്താവിന്റെ മുമ്പില്‍ നിന്നു വടിയെടുത്തു.
മോശയും അഹറോനും കൂടി പാറയ്ക്കുമുമ്പില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടി. മോശ പറഞ്ഞു: ധിക്കാരികളേ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍ നിന്നു ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ? മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍ നിന്നു കുടിച്ചു. കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടു ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല. ഇതാണ് മെരീബായിലെ ജലം. ഇവിടെവച്ചാണ് ഇസ്രായേല്യര്‍ കര്‍ത്താവിനോടു മത്സരിക്കുകയും അവിടുന്നു തന്റെ പരിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്തത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 95:1-2, 6-7, 8-9

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,
ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 16:13-23
നീ പത്രോസാണ്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും.

അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്‍പിച്ചു.
അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍ നിന്നും പ്രധാനപുരോഹിതന്മാരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി. പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment