🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി, 7/8/2021
Saturday of week 18 in Ordinary Time
or Saints Sixtus II, Pope, and his Companions, Martyrs
or Saint Cajetan, Priest
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍
അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 6:4-13
നിന്റെ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കണം.
അക്കാലത്ത്, മോശ ജനങ്ങളോടു പറഞ്ഞു: ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം. ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. അവ കൈയില്‍ ഒരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായും അണിയണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലും എഴുതണം.
നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു തരുമെന്ന് നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു ശപഥം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും, നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയും ചെയ്യുമ്പോള്‍, നിങ്ങളെ അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു കൊണ്ടുവന്ന കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 18:1-2,3-4,46,50
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ;
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു:
തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു.
കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 17:14-20
നിങ്ങള്‍ക്കു വിശ്വാസമുണ്ടായിരുന്നാല്‍, അസാധ്യമായി ഒന്നുമില്ലായിരിക്കും.
അക്കാലത്ത്, യേശു ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തുകൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു. അനന്തരം ശിഷ്യന്മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നുപറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ജ്ഞാനം 16:20
കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.
Or:
യോഹ 6:35
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്ര ചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment