🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ,8/8/2021
19th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 19:4-8
ഭക്ഷണപാനീയങ്ങളുടെ ശക്തികൊണ്ടു നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി.
അക്കാലത്ത്, ഏലിയാ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്റെ പിതാക്കന്മാരെക്കാള്‍ മെച്ചമല്ല. അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്ഷിക്കുക എന്നു പറഞ്ഞു. എഴുന്നേറ്റു നോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്ക്കല്‍ ഇരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു. കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും. അവന്‍ എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 34:1-8
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.
കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.
എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്
അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍.
രണ്ടാം വായന
എഫേ 4:30-5:2b
ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍.
രക്ഷയുടെ ദിനത്തിനു വേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍. ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍.
വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കു വേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 6:41-51
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്ന് അവന്‍ പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു. അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടതില്ല. എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍ നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ഥം. ദൈവത്തില്‍ നിന്നുള്ളവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14
ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.
Or:
cf. യോഹ 6:51
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment