🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 12/8/2021
Thursday of week 19 in Ordinary Time
or Saint Jane Frances de Chantal, Religious
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോഷ്വ 3:7-11,13-17
കര്‍ത്താവിന്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കുമുമ്പേ ജോര്‍ദാനിലേക്ക് പോകുന്നത് കണ്ടാലും!
അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ജോര്‍ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാരോടു നീ കല്‍പിക്കണം.
ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങള്‍ അടുത്തുവന്നു ദൈവമായ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍. അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍ നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറിയണം. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കു മുമ്പേ ജോര്‍ദാനിലേക്കു പോകുന്നതു കണ്ടാലും. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകം വഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ ജോര്‍ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍ നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും.
തങ്ങള്‍ക്കു മുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതന്മാരുടെ കൂടെ ജനം ജോര്‍ദാന്‍നദി കടക്കുന്നതിനു കൂടാരങ്ങളില്‍ നിന്നു പുറപ്പെട്ടു. വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദാന്‍ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു – കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ് – വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു. ഇസ്രായേല്‍ ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതന്മാര്‍ ജോര്‍ദാന്റെ മധ്യത്തില്‍ വരണ്ട നിലത്തുനിന്നു. സര്‍വരും ജോര്‍ദാന്‍ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 114:1-2,3-4,5-6
അല്ലേലൂയ!
ഇസ്രായേല്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടപ്പോള്‍,
യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന
ജനതകളുടെ ഇടയില്‍ നിന്നു പുറപ്പെട്ടപ്പോള്‍,
യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും
ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
അല്ലേലൂയ!
അതു കണ്ടു കടല്‍ ഓടിയകന്നു, ജോര്‍ദാന്‍ പിന്‍വാങ്ങി.
പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും,
മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
അല്ലേലൂയ!
സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി?
ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?
പര്‍വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും,
മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും
തുള്ളുന്നതെന്തിന്?
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 18:15-20
നിന്റെ സഹോദരന്‍ നിന്റെ വാക്കു കേള്‍ക്കുന്നപക്ഷം നീ അവനെ നേടിക്കഴിഞ്ഞു.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment