ദിവ്യബലി വായനകൾ Monday of week 20 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 16/8/2021

Monday of week 20 in Ordinary Time 
or Saint Stephen of Hungary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ന്യായാ 2:11-19
കര്‍ത്താവു ന്യായാധിപന്മാരെ നിയമിച്ചു; എന്നാല്‍, അവരെ ഇസ്രായേല്യര്‍ ശ്രവിച്ചില്ല.

അക്കാലത്ത്, ഇസ്രായേല്‍ ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്മചെയ്തു. ബാല്‍ദേവന്മാരെ സേവിച്ചു. തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്മാരുടെ പിന്നാലെ അവര്‍ പോയി; അവയ്ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു. അവര്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളെയും സേവിച്ചു. ഇസ്രായേലിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കര്‍ത്താവ് ശപഥം ചെയ്ത് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശംവരത്തക്കവിധം കര്‍ത്താവിന്റെ കരം അവര്‍ക്ക് എതിരായിരുന്നു; അവര്‍ വളരെ കഷ്ടത അനുഭവിച്ചു. അപ്പോള്‍ കര്‍ത്താവ് ന്യായാധിപന്മാരെ നിയമിച്ചു. കവര്‍ച്ച ചെയ്തിരുന്നവരുടെ ആധിപത്യത്തില്‍ നിന്ന് അവര്‍ അവരെ രക്ഷിച്ചു. എങ്കിലും ന്യായാധിപന്മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്മാരുടെ പുറകേ പോയി അവരെ വന്ദിച്ചു. കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിച്ച പിതാക്കന്മാരുടെ മാര്‍ഗത്തില്‍ നിന്ന് അവര്‍ വേഗം വ്യതിചലിച്ചു. അവര്‍ അവരെ അനുകരിച്ചില്ല. ന്യായാധിപന്മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍ നിന്ന് ജനത്തെ രക്ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പ ജനിച്ചിരുന്നു. എന്നാല്‍, ന്യായാധിപന്‍ മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്ടിയും അവര്‍ ഉപേക്ഷിച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 106:34-35,36-37,39-40,43ab,44

കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!

കര്‍ത്താവു കല്‍പിച്ചതുപോലെ അവര്‍ ജനതകളെ നശിപ്പിച്ചില്ല.
അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെ ആചാരങ്ങള്‍ ശീലിച്ചു.

കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!

അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു.
അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.
അവര്‍ തങ്ങളുടെ പുത്രീപുത്രന്മാരെ
പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു.

കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!

അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് അശുദ്ധരായിത്തീര്‍ ന്നു;
ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.
കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു;
അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.

കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!

പലപ്രാവശ്യം അവിടുന്ന് അവരെ മോചിപ്പിച്ചു;
എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു;
തങ്ങളുടെ അകൃത്യം നിമിത്തം അവര്‍ അധഃപതിച്ചു.
എന്നിട്ടും അവരുടെ നിലവിളികേട്ട്
അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു.

കര്‍ത്താവേ, അവിടുന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 19:16-22
പരിപൂര്‍ണ്ണനാകാന്‍ നീ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്, ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്‌ഷേപമുണ്ടാകും.

അക്കാലത്ത്, ഒരാള്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മായാണു പ്രവര്‍ത്തിക്കേണ്ടത്? അവന്‍ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 130:7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.


Or:
യോഹ 6:51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment