🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
18-Aug-2021, ബുധൻ
Wednesday of week 20 in Ordinary Time
Liturgical Colour: Green.
____
ഒന്നാം വായന
ന്യായാ 9:6-15
ദൈവമായ കര്‍ത്താവു രാജാവായിരിക്കുമ്പോള്‍ തന്നെ, നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവു വേണമെന്നു നിങ്ങള്‍ പറഞ്ഞു.
അക്കാലത്ത്, ഷെക്കെമിലെയും ബത്മില്ലോയിലെയും എല്ലാ പൗരന്മാരും ഒന്നിച്ചുകൂടി. ഷെക്കെമിലെ സ്തംഭത്തോടു ചേര്‍ന്നുള്ള ഓക്കുമരത്തിന്റെ സമീപം വച്ച് അബിമെലക്കിനെ രാജാവായി വാഴിച്ചു.
യോത്താം ഇതറിഞ്ഞു ഗരിസിം മലയുടെ മുകളില്‍ കയറിനിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഷെക്കെം നിവാസികളേ, ദൈവം നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കേണ്ടതിന് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുവിന്‍. ഒരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കൊരു രാജാവിനെ അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെ മേല്‍ വാഴുകയെന്ന് അവര്‍ ഒലിവു മരത്തോടു പറഞ്ഞു. ഒലിവുമരം അവരോടു പറഞ്ഞു: ദേവന്മാരെയും മനുഷ്യരെയും ഒന്നുപോലെ ബഹുമാന്യരാക്കുന്ന എന്റെ എണ്ണ മറന്ന് വൃക്ഷങ്ങളുടെ മേല്‍ വാഴുവാന്‍ ഞാന്‍ പോകണമെന്നോ? വൃക്ഷങ്ങള്‍ അത്തിമരത്തോടു പറഞ്ഞു: നീ വന്ന് ഞങ്ങളെ ഭരിക്കുക. അത്തിമരം അവരോട് പറഞ്ഞു: രുചിയേറിയ എന്റെ പഴം ഉപേക്ഷിച്ച് ഞാന്‍ വൃക്ഷങ്ങളുടെ മേല്‍ വാഴുവാന്‍ പോകണമെന്നോ? അപ്പോള്‍ അവ മുന്തിരിയോടു പറഞ്ഞു: നീ വന്ന് ഞങ്ങളുടെമേല്‍ വാഴുക. എന്നാല്‍, മുന്തിരി പറഞ്ഞു: ദേവന്മാരെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന എന്റെ വീഞ്ഞ് ഉപേക്ഷിച്ച് വൃക്ഷങ്ങളുടെ മേല്‍ വാഴുവാന്‍ ഞാന്‍ വരണമെന്നോ? അപ്പോള്‍, വൃക്ഷങ്ങളെല്ലാം ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോടു പറഞ്ഞു: ഞങ്ങളുടെ മേല്‍ വാഴുക. മുള്‍പ്പടര്‍പ്പ് പറഞ്ഞു: നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകം ചെയ്യുന്നതെങ്കില്‍ എന്റെ തണലില്‍ അഭയം തേടുവിന്‍. അല്ലാത്തപക്ഷം മുള്‍പ്പടര്‍പ്പില്‍ നിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 21:1-6
R. കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.
കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങേ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ളാദിക്കുന്നു!
അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
R. കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.
സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്സില്‍ തങ്കക്കിരീടം അണിയിച്ചു. അവന്‍ അങ്ങയോടു ജീവന്‍ യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍ തന്നെ.
R. കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.
അങ്ങേ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെമേല്‍ തേജസ്സും പ്രതാപവും ചൊരിഞ്ഞു. അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങേ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
R. കര്‍ത്താവേ, രാജാവ് അങ്ങേ ശക്തിയില്‍ സന്തോഷിക്കുന്നു.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:135
അല്ലേലൂയാ, അല്ലേലൂയാ!
ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ..!അല്ലേലൂയാ!
Or:
ഹെബ്രാ 4:12
അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും
വിവേചിക്കുന്നതുമാണ്.
അല്ലേലൂയാ!
____
സുവിശേഷം
മത്താ 20:1-16
ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം. ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു – അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതു പോലെ തന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment