ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 26/8/2021

Thursday of week 21 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങേ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തെസ 3:7-13
നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റുള്ളവരോടുമുള്ള സ്‌നേഹം വര്‍ദ്ധിക്കാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ.

സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ്. ദൈവസന്നിധിയില്‍ നിങ്ങള്‍മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കും! നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിക്കുന്നുണ്ട്. നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെ അടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.
ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 90:3-5a,12-13,14,17

കര്‍ത്താവേ, ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കേണ്ടതിന് അങ്ങേ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ!

കര്‍ത്താവേ, മനുഷ്യനെ അവിടുന്നു
പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.

കര്‍ത്താവേ, ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കേണ്ടതിന് അങ്ങേ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ!

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!

കര്‍ത്താവേ, ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കേണ്ടതിന് അങ്ങേ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ!

പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

കര്‍ത്താവേ, ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കേണ്ടതിന് അങ്ങേ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 24:42-51
നിങ്ങള്‍ തയ്യാറായിരിക്കണം.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും. എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേ വരൂ എന്നു പറഞ്ഞ് തന്റെ സഹഭൃത്യന്മാരെ മര്‍ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനംചെയ്യാനും തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കു വേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങേ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 104:13-15

കര്‍ത്താവേ, അങ്ങേ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.


Or:
cf. യോഹ 6:54

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment