🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ,5/9/2021
23rd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 35:4-7
ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല; മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.
ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍.
ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു;
ദൈവത്തിന്റെ പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും.
അപ്പോള്‍, അന്ധരുടെ കണ്ണുകള്‍ തുറക്കപ്പെടും.
ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.
അപ്പോള്‍ മുടന്തന്‍ മാനിനെപ്പോലെ കുതിച്ചുചാടും.
മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും.
വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും.
മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.
തപിച്ച മണലാരണ്യം ജലാശയമായി മാറും.
ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 146:7,8-9a,9bc-10
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!
രണ്ടാം വായന
യാക്കോ 2:1-5
ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
എന്റെ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ മോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോട് അവിടെ നില്‍ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്?
എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 7:31-37
അവന്‍ ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
അക്കാലത്ത്, യേശു ടയിര്‍ പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍ വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. യേശു അവനെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത – തുറക്കപ്പെടട്ടെ എന്നര്‍ഥം. ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്‍കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2
നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.
Or:
യോഹ 8: 12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment