ദിവ്യബലി വായനകൾ Tuesday of week 23 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 7/9/2021


Tuesday of week 23 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

കൊളോ 2:6-15
ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു.

സഹോദരരേ, കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍. അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢത പ്രാപിച്ചുംകൊണ്ട് അനര്‍ഗളമായ കൃതജ്ഞതാ പ്രകാശനത്തില്‍ മുഴുകുവിന്‍. ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൈവത്വത്തിന്റെ പൂര്‍ണത മുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്. അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്‌ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന ക്രിസ്തുവിന്റെ പരിച്‌ഛേദനം. ജ്ഞാനസ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍ നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:1b-2,8-9,10-11

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും;
ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 6:12-19
രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവിടുന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്ന പേരു നല്‍കി.

അക്കാലത്ത്, യേശു പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍ നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്നു പേരു നല്‍കി. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍, യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.
അവന്‍ അവരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍ നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍ നിന്നും വന്ന വലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു. ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍ നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.


Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment