ദിവ്യബലി വായനകൾ Wednesday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 22/9/2021


Wednesday of week 25 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസ്രാ 9:5-9
ഞങ്ങളുടെ അടിമത്തത്തില്‍ ദൈവം ഞങ്ങളെ ഉപേക്ഷിച്ചില്ല.

അക്കാലത്ത്, സായാഹ്‌നബലിയുടെ സമയത്ത് എസ്രാ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിന്മേല്‍ വീണ്, തന്റെ ദൈവമായ കര്‍ത്താവിന്റെ നേര്‍ക്ക് കൈകളുയര്‍ത്തി അപേക്ഷിച്ചു: എന്റെ ദൈവമേ, അങ്ങേ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്മകള്‍ തലയ്ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങള്‍ പിതാക്കന്മാരുടെ കാലം മുതല്‍ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്മാരുടെ കരങ്ങളില്‍, വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും വര്‍ധിച്ച നിന്ദനത്തിനും ഏല്‍പിക്കപ്പെട്ടു. ഞങ്ങളില്‍ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധസ്ഥലത്ത് അഭയസ്ഥാനം നല്‍കുകയും ചെയ്തു. ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തില്‍ ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകള്‍ക്കു തിളക്കം കൂട്ടി. ഞങ്ങള്‍ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില്‍ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്‍ഷ്യാ രാജാക്കന്മാരുടെ മുന്‍പില്‍ അവിടുന്നു തന്റെ അനശ്വരസ്‌നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകള്‍ പോക്കി പണിതീര്‍ക്കുന്നതിന് അവര്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്‍ക്കു സംരക്ഷണം നല്‍കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

തോബി 13:2,4,6-8

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

കര്‍ത്താവേ, അവിടുന്ന് ശിക്ഷിക്കുകയും
കരുണ കാണിക്കുകയും ചെയ്യുന്നു.
പാതാളത്തിലേക്കു താഴ്ത്തുകയും
അവിടെ നിന്ന് വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു.
അവിടുത്തെ കരങ്ങളില്‍ നിന്ന് ആരും രക്ഷപെടുകയില്ല.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

ഇസ്രായേല്‍ മക്കളേ, ജനതകളുടെ മുന്‍പില്‍
അവിടുത്തെ ഏറ്റുപറയുവിന്‍.
അവിടന്നാണു നമ്മെ അവരുടെ ഇടയില്‍ ചിതറിച്ചത്.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്പറ്റി ചിന്തിക്കുവിന്‍.
ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവിന്‍.
നീതിയുടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍.
യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിന്‍.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച്
ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു.
പാപികളായ ജനതയോട് അവിടുത്തെ
ശക്തിയും മഹത്വവും പ്രഘോഷിക്കുന്നു.

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

പാപികളേ, പിന്‍തിരിയുവിന്‍;
അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍.
അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും
നിങ്ങളോടു കരുണ കാണിക്കുകയും
ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!

നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:1-6
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി യേശു ശിഷ്യന്മാരെ അയച്ചു.

അക്കാലത്ത്, യേശു പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍ നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.


Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Leave a comment