🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
01-Oct-2021, വെള്ളി
Saint Thérèse of the Child Jesus, Virgin, Doctor on Friday of week 26 in Ordinary Time
Liturgical Colour: White.
____
ഒന്നാം വായന
ബാറൂ 1:15-22
കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ പാപം ചെയ്തു.
നീതി നമ്മുടെ ദൈവമായ കര്‍ത്താവിന്റെതാണ്. യൂദായിലെ ജനവും ജറുസലെം നിവാസികളും നമ്മുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാല്‍, കര്‍ത്താവിന്റെ സന്നിധിയില്‍ ഞങ്ങള്‍ പാപം ചെയ്തു. ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്ന് നല്‍കിയ കല്‍പനകള്‍ അനുസരിക്കുകയോ ചെയ്തില്ല. ഈജിപ്തുദേശത്തു നിന്നു ഞങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാള്‍ മുതല്‍ ഇന്നു വരെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതില്‍ ഉദാസീനരും ആണ്. തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാന്‍ വേണ്ടി ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തുദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ തന്റെ ദാസനായ മോശ വഴി കര്‍ത്താവ് അരുളിച്ചെയ്ത ശാപങ്ങളും അനര്‍ഥങ്ങളും ഇന്നും ഞങ്ങളുടെമേല്‍ ഉണ്ട്. ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളുടെ അടുത്തേക്ക് അയച്ച പ്രവാചകന്മാര്‍ അറിയിച്ച അവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്ടം പോലെ നടന്നു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 79:1-2,3-5,8,9
R. കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
ദൈവമേ, വിജാതീയര്‍ അങ്ങേ അവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങേ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. അവര്‍ അങ്ങേ ദാസരുടെ ശരീരം ആകാശപ്പറവകള്‍ക്കും അങ്ങേ വിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.
R. കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അവരുടെ രക്തം ജലം പോലെ ഒഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കര്‍ത്താവേ, ഇത് എത്ര കാലത്തേക്ക്? അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്നി പോലെ ജ്വലിക്കുമോ?
R. കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങേ കൃപ അതിവേഗം ഞങ്ങളുടെ മേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
R. കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!
R. കര്‍ത്താവേ, അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 144:13
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
അല്ലേലൂയാ!
Or:
സങ്കീ 95:8
അല്ലേലൂയാ, അല്ലേലൂയാ!
ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
അല്ലേലൂയാ!
____
സുവിശേഷം
ലൂക്കാ 10:13-16
എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
അക്കാലത്ത്, യേശു അരുളിച്ചെയ്തു: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരം പൂശിയും പണ്ടേ തന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാല്‍, വിധിദിനത്തില്‍ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും. കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment