ദിവ്യബലി വായനകൾ 27th Sunday in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

03-Oct-2021, ഞായർ

27th Sunday in Ordinary Time 

Liturgical Colour: Green.

____

ഒന്നാം വായന

ഉത്പ 2:18-24

ദൈവം സ്ത്രീയെ ആദത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ ഒറ്റ ശരീരമായിത്തീരും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും. ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍ നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.
അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനു ശേഷം അവിടം മാംസം കൊണ്ടു മൂടി. മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലു കൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപം കൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടു വന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 128:1-2,3,4-5,6

R. ആയുഷ്‌കാലമത്രയും കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

R. ആയുഷ്‌കാലമത്രയും കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കു ചുറ്റും
ഒലിവുതൈകള്‍ പോലെയും.

R. ആയുഷ്‌കാലമത്രയും കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും. മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!

R. ആയുഷ്‌കാലമത്രയും കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

____

രണ്ടാം വായന

ഹെബ്രാ 2:9a-11

വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍ നിന്നു തന്നെ.

മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്‍പം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു. ആര്‍ക്കു വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനം വഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു. വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍ നിന്നു തന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്ജിച്ചില്ല.

കർത്താവിന്റെ വചനം.
____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 17:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ. അല്ലേലൂയാ!


Or:

1 യോഹ 4:12

അല്ലേലൂയാ, അല്ലേലൂയാ!
നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
അല്ലേലൂയാ!

____

EITHER: ——–

സുവിശേഷം

മാര്‍ക്കോ 10:2-16

ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

അക്കാലത്ത്, ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചു കൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്?അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കു വേണ്ടി എഴുതിയത്. എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍ വച്ച് വീണ്ടും അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
യേശു തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോള്‍ യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. അവന്‍ ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു.


OR: ——–

സുവിശേഷം

മാര്‍ക്കോ 10:2-12

ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.

അക്കാലത്ത്, ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചു കൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം കൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കു വേണ്ടി എഴുതിയത്. എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായി തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച് വീണ്ടും അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.

——–

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment