ദിവ്യബലി വായനകൾ Saint Bruno | Wednesday of week 27 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 6/10/2021

Saint Bruno, Priest 
or Wednesday of week 27 in Ordinary Time 

Liturgical Colour: White.


സമിതിപ്രാര്‍ത്ഥന

ദൈവമേ, ഏകാന്തതയില്‍ അങ്ങയെ ശുശ്രൂഷിക്കാന്‍
വിശുദ്ധ ബ്രൂണോയെ അങ്ങ് വിളിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഈ ലോകത്തിന്റെ വൈവിധ്യങ്ങള്‍ക്കിടയിലും
അങ്ങയെ നിരന്തരം തേടാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യോനാ 4:1-11
നിനക്കു ചെടിയോട് അനുകമ്പ തോന്നുന്നുവെങ്കില്‍ എനിക്ക് മഹാനഗരമായ നിനിവേയോട് അനുകമ്പ തോന്നരുതെന്നോ?

ദൈവം നിനിവേനഗരത്തോട് സഹതാപം കാണിച്ചതില്‍ യോനാ അത്യധികം അസംതൃപ്തനും കുപിതനുമായി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാന്‍ താര്‍ഷീഷിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു. കര്‍ത്താവേ, എന്റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് നല്ലത്. കര്‍ത്താവ് ചോദിച്ചു: നിനക്കു കോപിക്കാന്‍ എന്തു കാര്യം? യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭവിക്കുമെന്നു കാണാനായി കൂടാരത്തിന്റെ കീഴില്‍ ഇരുന്നു. യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു. തലയില്‍ സൂര്യന്റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്. ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍. കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു. എങ്കില്‍, ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 86:3-4,5-6,9-10

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.

കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ!
ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
അങ്ങേ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ!
കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്
എന്റെ മനസ്സിനെ ഉയര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.

കര്‍ത്താവേ, അങ്ങു നല്ലവനും ക്ഷമാശീലനുമാണ്;
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്
അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.

കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍ വന്ന്
അങ്ങയെ കുമ്പിട്ട് ആരാധിക്കും;
അവര്‍ അങ്ങേ നാമത്തെ മഹത്വപ്പെടുത്തും.
എന്തെന്നാല്‍, അങ്ങു വലിയവനാണ്.
വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു;
അങ്ങു മാത്രമാണു ദൈവം.

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.


സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:1-4
കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.

അക്കാലത്ത്, യേശു ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക. അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍. പിതാവേ, അങ്ങേ നാമം പൂജിതമാകണമേ. അങ്ങേ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.


Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.


ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment