ദിവ്യബലി വായനകൾ Saint Faustina Kowalska

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

05-Oct-2021, ചൊവ്വ

Tuesday of week 27 in Ordinary Time or Saint Faustina Kowalska, Religious 

Liturgical Colour: Green.

____

ഒന്നാം വായന

യോനാ 3:1-10

തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി.

യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കു പോയി. അതു വളരെ വലിയൊരു നഗരമായിരുന്നു.
അതു കടക്കാന്‍ മൂന്നു ദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
ഈ വാര്‍ത്ത നിനെവേ രാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു. അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും കല്‍പനയാണിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ!ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും പിന്‍തിരിയട്ടെ! ദൈവം മനസ്സു മാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം. തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 130:1b-2,3-4ab,7-8

R. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവേ, അഗാധത്തില്‍ നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

R. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും? അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങേ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.

R. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?

കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു. ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍ നിന്ന് അവിടുന്നു മോചിപ്പിക്കുന്നു.

R. കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?
____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 15:15

അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.
അല്ലേലൂയാ!


Or:

ലൂക്കാ 11:28

അല്ലേലൂയാ, അല്ലേലൂയാ!
ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 10:38-42

മര്‍ത്താ സ്വഭവനത്തില്‍ യേശുവിനെ സ്വീകരിച്ചു; മറിയം നല്ല ഭാഗം തെരഞ്ഞെടുത്തു.

അക്കാലത്ത്, യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു. മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക. കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment