ദിവ്യബലി വായനകൾ Saint John Paul II

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെളളി, 22/10/2021


Saint John Paul II, Pope 
or Friday of week 29 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കരുണാസമ്പന്നനായ ദൈവമേ,
പാപ്പായായ വിശുദ്ധ ജോണ്‍ പോള്‍
അങ്ങേ സാര്‍വത്രികസഭയില്‍
ആധ്യക്ഷ്യം വഹിക്കാന്‍ അങ്ങു തിരുവുളളമായല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിരായി,
മാനവരാശിയുടെ ഏകരക്ഷകനായ ക്രിസ്തുവിന്റെ
രക്ഷാകര കൃപാവരത്തിനായി
വിശ്വാസത്തോടെ ഞങ്ങളുടെ ഹൃദയങ്ങള്‍
തുറക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 7:18-25
മരണത്തിന് അധീനമായ ഈ ശരീരത്തില്‍ നിന്ന് ആരെന്നെ മോചിപ്പിക്കും?

സഹോദരരേ, എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെ തിന്മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു. എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു. എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു. ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍ നിന്ന് എന്നെ ആരു മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്‌തോത്രം!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:66,68,76,77,93,94

കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങേ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്
അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ!
അവിടുന്ന് നല്ലവനും നന്മ ചെയ്യുന്നവനുമാണ്;
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

ഈ ദാസന് അങ്ങു നല്‍കിയ വാഗ്ദാനമനുസരിച്ച്
അങ്ങേ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!
ഞാന്‍ ജീവിക്കുന്നതിനുവേണ്ടി
അങ്ങേ കാരുണ്യം എന്റെമേല്‍ ചൊരിയണമേ!
അങ്ങേ നിയമത്തിലാണ് എന്റെ ആനന്ദം.

കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

ഞാന്‍ അങ്ങേ കല്‍പനകളെ ഒരിക്കലും മറക്കുകയില്ല;
അവ വഴിയാണ് അവിടുന്ന് എനിക്കു ജീവന്‍ തന്നത്.
ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ!
എന്തെന്നാല്‍, ഞാന്‍ അങ്ങേ നിയമങ്ങളെ അന്വേഷിച്ചു.

കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 12:54-59
ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?

അക്കാലത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാല്‍ മഴ വരുന്നു എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അതു സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കില്‍ അവന്‍ നിന്നെ ന്യായാധിപന്റെ അടുത്തേക്കു കൊണ്ടുപോവുകയും ന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍
തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment