🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
23-Oct-2021, ശനി
Saturday of week 29 in Ordinary Time or Saint John of Capistrano, Priest or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
____
ഒന്നാം വായന
റോമാ 8:1-11
യേശുവിനെ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു.
സഹോദരരേ, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചു കൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചുജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ നിയമത്തിന്റെ അനുശാസനം സഫലമാകുന്നതിനു വേണ്ടിയാണ്. എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്സു വയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു. ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല. ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല. എന്നാല്‍, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ളതായിരിക്കും. യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 24:1bc-2,3-4ab,5-6
R. ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.
ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
R. ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.
കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.
R. ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.
അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
R. ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.
____
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 145:13
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
അല്ലേലൂയാ!
Or:
എസെ 33:11
അല്ലേലൂയാ, അല്ലേലൂയാ!
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം.
അല്ലേലൂയാ!
____
സുവിശേഷം
ലൂക്കാ 13:1-9
പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അക്കാലത്ത്, ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തം കൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു. അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നു നോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്ന് ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment