ദിവ്യബലി വായനകൾ Monday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 25/10/2021


Monday of week 30 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 8:12-17
പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം ആബാ –പിതാവേ- എന്നുവിളിക്കുന്നത്.

സഹോദരരേ, ജഡികപ്രവണതകള്‍ക്ക് അനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ-പിതാവേ- എന്നുവിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 68:1,3,5-6,19-20

നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്.

ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ!
അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ!
അവിടുത്തെ ദ്വേഷിക്കുന്നവര്‍
അവിടുത്തെ മുന്‍പില്‍ നിന്ന് ഓടിപ്പോകട്ടെ!
നീതിമാന്മാര്‍ സന്തോഷഭരിതരാകട്ടെ!
ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ!
അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ!

നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്.

ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍
അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്.
അഗതികള്‍ക്കു വസിക്കാന്‍
ദൈവം ഇടം കൊടുക്കുന്നു;
അവിടുന്നു തടവുകാരെ മോചിപ്പിച്ച്
ഐശ്വര്യത്തിലേക്കു നയിക്കുന്നു.

നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്.

അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
ദൈവമാണു നമ്മുടെ രക്ഷ.
നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്,
മരണത്തില്‍ നിന്നുള്ള മോചനം
ദൈവമായ കര്‍ത്താവാണു നല്‍കുന്നത്.

നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 13:10-17
അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വര്‍ഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നു നില്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങള്‍ ഉണ്ട്. ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തു ദിവസം പാടില്ല. അപ്പോള്‍ കര്‍ത്താവുപറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ? പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ അവന്‍ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5

അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.


Or:
എഫേ 5:2

ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ദിവ്യബലി വായനകൾ Monday of week 30 in Ordinary Time ”

Leave a comment