🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼 ….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെളളി, 5/11/2021
Friday of week 31 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
റോമാ 15:14-21
വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യമാകുന്നതിന് എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുന്നു.
സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാ അറിവും തികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍ കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ദൈവം എനിക്കു നല്‍കിയ കൃപയാല്‍ ധൈര്യത്തോടെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണു നിങ്ങള്‍ക്കു ഞാന്‍ എഴുതിയത്. ദൈവത്തിന്റെ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകന്‍ ആക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാല്‍ പവിത്രീകൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിതശുശ്രൂഷ ചെയ്യുന്നു. അതുകൊണ്ട്, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച് എനിക്ക് യേശുക്രിസ്തുവില്‍ അഭിമാനിക്കാന്‍ കഴിയും. വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ഞാന്‍ വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ തുനിയുകയില്ല. തന്നിമിത്തം, ഞാന്‍ ജറുസലെം തുടങ്ങി ഇല്ലീറിക്കോണ്‍ വരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി. അങ്ങനെ മറ്റൊരുവന്‍ സ്ഥാപിച്ച അടിസ്ഥാനത്തിന്മേല്‍ പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞാന്‍ അത്യധികം ഉത്സാഹം കാണിച്ചു. ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും. അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അവനെ മനസ്സിലാക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 98:1bcde,2-3ab,3cd-4
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു;
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 16:1-8
ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ലജ്ജ തോന്നുന്നു. എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനില്‍ നിന്നു കടം വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11
കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.
Or:
യോഹ 6:58
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment