ദിവ്യബലി വായനകൾ Saturday of week 31 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 6/11/2021


Saturday of week 31 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 16:3-9,16,22-27
വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍.

സഹോദരരേ, യേശുക്രിസ്തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും വന്ദനം പറയുവിന്‍. അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവര്‍ക്കു നന്ദിപറയുന്നു. അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിന്‍. ഏഷ്യയില്‍ ക്രിസ്തുവിനുള്ള ആദ്യഫലമായ എന്റെ പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനം ചെയ്യുവിന്‍. നിങ്ങളുടെയിടയില്‍ കഠിനാധ്വാനം ചെയ്ത മറിയത്തിനും വന്ദനം പറയുവിന്‍. എന്റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവരുമായ അന്ത്രോണിക്കോസിനും യൂണിയസിനും അഭിവാദനം നല്‍കുവിന്‍. അവര്‍ അപ്പോസ്തലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ ക്രിസ്ത്യാനികളായവരുമാണ്. കര്‍ത്താവില്‍ എന്റെ പ്രിയപ്പെട്ട ആംപ്ലിയാത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍. ക്രിസ്തുവില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബാനോസിനും എന്റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍. വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍. ക്രിസ്തുവിന്റെ സമസ്തസഭകളും നിങ്ങള്‍ക്ക് ആശംസകള്‍ അയയ്ക്കുന്നു.
ഈ ലേഖനത്തിന്റെ എഴുത്തുകാരനായ ഞാന്‍ – തേര്‍ത്തിയോസ് – കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. എന്റെയും സഭ മുഴുവന്റെയും ആതിഥേയനായ ഗായിയൂസ് നിങ്ങള്‍ക്കു വന്ദനം പറയുന്നു. നഗരത്തിലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്റെ സുവിശേഷമനുസരിച്ചും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റെ വെളിപാടനുസരിച്ചും നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു വിശ്വാസത്തിന്റെ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്. സര്‍വജ്ഞനായ ആ ഏകദൈവത്തിന് യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:2-3,4-5,10-11

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;
അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവു വലിയവനും
അത്യന്തം സ്തുത്യര്‍ഹനുമാണ്;
അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

തലമുറ തലമുറയോട് അങ്ങേ
പ്രവൃത്തികളെ പ്രകീര്‍ത്തിക്കും;
അങ്ങേ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
അവിടുത്തെ പ്രതാപത്തിന്റെ
മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും
അങ്ങേ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും
ഞാന്‍ ധ്യാനിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


ലൂക്കാ 16:9-15
അധാര്‍മികസമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആരു നിങ്ങളെ ഏല്‍പിക്കും?

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിചെയ്തു: അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥ ധനം ആരു നിങ്ങളെ ഏല്‍പിക്കും? മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കു തരും? ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു. അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്.
കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.


Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment