🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 8/11/2021
Monday of week 32 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജ്ഞാനം 1:1-7
കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു.
ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍. അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കുടിലബുദ്ധി മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റുന്നു. അവിടുത്തെ ശക്തിയെ പരീക്ഷിക്കുന്ന ഭോഷന്മാര്‍ ശാസിക്കപ്പെടുന്നു. ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല. വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയില്‍ നിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തില്‍ ലജ്ജിക്കുന്നു. ജ്ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്സിന്റെ സൂക്ഷ്മവ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെ യഥാര്‍ഥമായി നിരീക്ഷിക്കുന്നവനും, നാവില്‍ നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്. കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നത് അറിയുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 139:1b-3,4-6,7-8,9-10
കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!
കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെ നിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും
അങ്ങു പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ
കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.
മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്കു കാവല്‍ നില്‍ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്.
കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!
അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും?
അങ്ങേ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്;
ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.
കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!
ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു
സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നുവസിച്ചാല്‍
അവിടെയും അങ്ങേ കരം എന്നെ നയിക്കും;
അങ്ങേ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 17:1-6
ഏഴു പ്രാവശ്യവും നിന്റെ അടുക്കല്‍ വന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുന്നവനോടു ക്ഷമിക്കുക.
അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ദുഷ്‌പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
അപ്പോള്‍ അപ്പോസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ! കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍
സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2
കര്‍ത്താവ് എന്നെ നയിക്കുന്നു,
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.
Or:
cf. ലൂക്കാ 24:35
അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment