🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ, 14/11/2021
33rd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 12:1-3
അക്കാലത്ത് ജനം മുഴുവന്‍ രക്ഷപെടും.
അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും. ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:5,8,9-10,11
കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
രണ്ടാം വായന
ഹെബ്രാ 10:11-14,18
വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേക്കുമായുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 13:24-32
നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
യേശു പറഞ്ഞു: ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. അപ്പോള്‍, അവന്‍ ദൂതന്മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലും നിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അത്തിമരത്തില്‍ നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കല്‍ എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനു പോലുമോ അറിഞ്ഞുകൂടാ.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28
ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.
Or:
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment