🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
29-Nov-2021, തിങ്കൾ
Monday of the 1st week of Advent
Liturgical Colour: Violet.
____
ഒന്നാം വായന
ഏശ 2:1-5
കര്‍ത്താവ് എല്ലാ ജനതകളെയും തന്റെ രാജ്യത്തിലെ നിത്യസമാധാനത്തിലേക്ക് ഒരുമിച്ചുകൂട്ടും.
യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും; അവിടുത്തെ വചനം ജറുസലെമില്‍ നിന്നും. അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും;ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല. യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 122:1-2,3-4,4-5,6-7,8-9
R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം. അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതു പോലെ, കര്‍ത്താവിന്റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.
R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
ജറുസലെമിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വവും ഉണ്ടാകട്ടെ!
R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും
പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കും.
R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
____
സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 80:3
അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
അങ്ങേ മുഖം പ്രകാശിക്കുകയും
ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
അല്ലേലൂയാ!
____
സുവിശേഷം
മത്താ 8:5-11
കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
അക്കാലത്ത്, യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന് യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതു പോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



Leave a comment