ദിവ്യബലിവായനകൾ 2nd Sunday of Advent 

05 Dec 20212

2nd Sunday of Advent 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങേ പുത്രനെ എതിരേല്ക്കാന്‍
തിടുക്കത്തില്‍ ഓടിയണയുന്നവര്‍ക്ക്
ലൗകികമായ ഒന്നുംതന്നെ പ്രതിബന്ധമാകരുതേ.
എന്നാല്‍ സ്വര്‍ഗീയ ജ്ഞാനസമ്പാദനം
ഞങ്ങളെ അവിടന്നില്‍ പങ്കാളികളാക്കാന്‍ ഇടവരുത്തട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന.

ബാറൂ 5:1-9
ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും.


ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി
ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക.
ദൈവത്തില്‍ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക.
നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസ്സില്‍ അണിയുക.
ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും.
നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന്
ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും.
ജറുസലെം, ഉണരുക; ഉയരത്തില്‍ നിന്നു കിഴക്കോട്ടു നോക്കുക.
പരിശുദ്ധനായവന്റെ കല്‍പനയനുസരിച്ച്,
കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക.
ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു.
ശത്രുക്കള്‍ അവരെ നിന്നില്‍ നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി.
എന്നാല്‍ ദൈവം അവരെ സിംഹാസനത്തിലെന്നപോലെ
മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും.
ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും
താഴ്‌വരകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു.
അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും.
ദൈവത്തിന്റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി.
തന്നില്‍ നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു
ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും.
അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.

കർത്താവിന്റെ വചനം.


പ്രതിവചനസങ്കീർത്തനം .

സങ്കീ 126:1-2,2-3,4-5,6

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു പ്രവാസികളെ
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍
അത് ഒരു സ്വപ്‌നമായിത്തോന്നി.
അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവ് അവരുടെയിടയില്‍
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന്
ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ
കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവര്‍
ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
വിത്തു ചുമന്നുകൊണ്ടു
വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍
കറ്റ ചുമന്നുകൊണ്ട്
ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.


രണ്ടാം വായന.


ഫിലി 1:4-6,8-11
നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

സഹോദരരേ, എപ്പോഴും എന്റെ എല്ലാ പ്രാര്‍ഥനകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സന്തോഷത്തോടെ യാചിക്കുന്നു; ആദ്യദിവസം മുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു. നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. യേശുക്രിസ്തുവിന്റെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിനു ദൈവം തന്നെ സാക്ഷി. നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും. ദൈവത്തിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

കർത്താവിന്റെ വചനം.


സുവിശേഷ പ്രഘോഷണവാക്യം.


സുവിശേഷം.

ലൂക്കാ 3:1-6
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.

തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌ യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്മാരും, അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു. ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ,

മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം:
കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;
അവന്റെ പാത നേരെയാക്കുവിന്‍.
താഴ്‌വരകള്‍ നികത്തപ്പെടും,
കുന്നും മലയും നിരത്തപ്പെടും,
വളഞ്ഞ വഴികള്‍ നേരെയാക്കപ്പെടും,
പരുപരുത്തവ മൃദുവാക്കപ്പെടും;
സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന.

കര്‍ത്താവേ, ഞങ്ങളുടെ എളിയ പ്രാര്‍ഥനകളും കാണിക്കകളുംവഴി
ഞങ്ങളില്‍ സംപ്രീതനാകണമേ.
ഒന്നും അവകാശപ്പെടാനില്ലാത്ത ഞങ്ങള്‍ക്ക്
അങ്ങേ കരുണയുടെ സംരക്ഷണം സഹായമായി നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ബാറൂ 5:5; 4:36

ജറുസലേമേ, ഉണരുക; ഉന്നതത്തില്‍ നിലകൊള്ളുക.
നിന്റെ ദൈവത്തില്‍ നിന്ന് നിന്റെ പക്കലേക്കു വരുന്ന ആനന്ദം കണ്ടാലും.

ദിവ്യഭോജനപ്രാര്‍ത്ഥന.

കര്‍ത്താവേ, ആത്മീയപോഷണമാകുന്ന ഭോജനത്താല്‍ നിറഞ്ഞ്
ഞങ്ങള്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്തിലെ പങ്കാളിത്തം വഴി
ലൗകികമായവ ശരിയായി വിലയിരുത്താനും
സ്വര്‍ഗീയമായവ മുറുകെപ്പിടിക്കാനും
ഞങ്ങളെ പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment