Holy Maas Readings Malayalam 7th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹

31 Dec 2021

7th day within the octave of Christmas 
with a commemoration of Saint Silvester I, Pope

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, പാപ്പായായ വിശുദ്ധ സില്‍വെസ്റ്ററിന്റെ മാധ്യസ്ഥ്യത്താല്‍
അങ്ങില്‍ ആശ്രയിക്കുന്ന അങ്ങേ ജനത്തെ സഹായിക്കണമേ.
അങ്ങേ മാര്‍ഗനിര്‍ദേശമനുസരിച്ച്
ഐഹികജീവിതം നയിച്ചുകൊണ്ട്,
ഞങ്ങള്‍ സന്തോഷത്തോടെ
നിത്യജീവന്‍ കണ്ടെത്താന്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
1 യോഹ 2:18-21
പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ട്, നിങ്ങള്‍ സത്യം അറിയുന്നു.


കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്.
അന്തിക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇത് അവസാന മണിക്കൂറാണെന്ന് അതില്‍ നിന്നു നമുക്കറിയാം.
അവര്‍ നമ്മുടെ കൂട്ടത്തില്‍ നിന്നാണു പുറത്തുപോയത്;
അവര്‍ നമുക്കുള്ളവരായിരുന്നില്ല.
നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു.
എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
പരിശുദ്ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.
നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്.
നിങ്ങള്‍ സത്യം അറിയുന്നതു കൊണ്ടും
വ്യാജമായതൊന്നും സത്യത്തില്‍ നിന്നല്ലാത്തതു കൊണ്ടുമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 96:1-2, 11-12, 13

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

എന്തെന്നാല്‍, അവിടുന്നു വരുന്നു;
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു.
തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.
അല്ലേലൂയ!

സുവിശേഷം

യോഹ 1:1-18
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.

ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു – വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. അവര്‍ ജനിച്ചതു രക്തത്തില്‍ നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍ നിന്നത്രേ.
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം. യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കു മുമ്പുതന്നെ അവനുണ്ടായിരുന്നു. അവന്റെ പൂര്‍ണതയില്‍ നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, നിയമം മോശ വഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തു വഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും
ഉടയവനായ ദൈവമേ,
ഈ കാഴ്ചദ്രവ്യംവഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വംവഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

1 യോഹ 4:9

തന്റെ ജാതനായ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിന്
ദൈവം അവനെ ലോകത്തിലേക്കയച്ചു

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിവിധ മാര്‍ഗങ്ങളിലൂടെ
പരിപാലിക്കപ്പെടുന്ന അങ്ങേ ജനം,
ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം
അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s