🌹 🌹 🌹 🌹 🌹 🌹 🌹
30 Dec 2021
6th day within the octave of Christmas
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അതിപ്രാചീനമായ അടിമത്തം
പാപത്തിന്റെ നുകത്തിന്‍ കീഴിലാക്കിയ ഞങ്ങളെ
അങ്ങേ ഏകജാതന്റെ മനുഷ്യവതാരംവഴി
സംലബ്ധമായ പുതുജനനം,
മോചിപ്പിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 യോഹ 2:12-17
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു.
കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
അവന്റെ നാമത്തെപ്രതി
നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
ആദിമുതലുള്ളവനെ നിങ്ങളറിയുന്നു.
യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു:
ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.
കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു:
പിതാവിനെ നിങ്ങളറിയുന്നു.
പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു.
യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു:
നിങ്ങള്‍ ശക്തന്മാരാണ്.
ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു;
നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.
ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്.
ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍
പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.
എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത
ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റെതല്ല;
പ്രത്യുത, ലോകത്തിന്റെതാണ്.
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു.
ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 96:7-8a, 8b-9, 10
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
വിശുദ്ധ ദിനം ഉദയം ചെയ്തിരിക്കുന്നു.
ജനപദങ്ങളേ വരുവിൻ; കർത്താവിനെ ആരാധിക്കുവിൻ.
എന്തുകൊണ്ടെന്നാൽ, ഇന്ന് ദിവ്യജ്യോതിസ് ഭൂതലത്തിൽ അവതരിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 2:36-40
അന്നാ, ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍
അവര്‍ പ്രഖ്യാപിക്കുന്നവ സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:16
അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം
കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി
ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ, അങ്ങേ ദാനം സ്വീകരിക്കാന്‍,
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 🌹 🌹 🌹 🌹 🌹 🌹