Holy Mass Readings Malayalam, Monday of week 2 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥

17 Jan 2022
Saint Antony, Abbot 
on Monday of week 2 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, മരുഭൂമിയില്‍ അദ്ഭുതകരമായ ജീവിതശൈലിയിലൂടെ
അങ്ങയെ ശുശ്രൂഷിക്കാന്‍
ആശ്രമശ്രേഷ്ഠനായ വിശുദ്ധ അന്തോനിക്ക് ഇടവരുത്തിയല്ലോ.
അങ്ങനെ, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ ഞങ്ങളെത്തന്നെ പരിത്യജിച്ച്,
എപ്പോഴും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്‌നേഹിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 സാമു 15:16-23
അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.

അക്കാലത്ത്, സാമുവല്‍ സാവൂളിനോടു പറഞ്ഞു, കര്‍ത്താവ് ഈ രാത്രിയില്‍ എന്നോടു പറഞ്ഞതെന്തെന്നു ഞാന്‍ അറിയിക്കാം. പറഞ്ഞാലും, സാവൂള്‍ പ്രതിവചിച്ചു. സാമുവല്‍ ചോദിച്ചു: സ്വന്തം ദൃഷ്ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍ ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കര്‍ത്താവ് നിന്നെ അഭിഷേകംചെയ്തു. പിന്നീടു കര്‍ത്താവ് ഒരു ദൗത്യമേല്‍പിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു. എന്തുകൊണ്ടാണ്, നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്? കവര്‍ച്ചവസ്തുക്കളുടെമേല്‍ ചാടിവീണ് കര്‍ത്താവിന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിന്റെ വാക്ക് അനുസരിച്ചു. കര്‍ത്താവ് എന്നെ ഏല്‍പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു. എന്നാല്‍, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ജനം ഗില്‍ഗാലില്‍ കൊണ്ടുവന്നു.
സാമുവല്‍ പറഞ്ഞു: തന്റെ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം; മുട്ടാടുകളുടെ മേദസ്സിനെക്കാള്‍ ഉത്കൃഷ്ടം. മാത്സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്ടി വിഗ്രഹാരാധന പോലെയും. കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, അവിടുന്ന് രാജത്വത്തില്‍ നിന്ന് നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 50:8-9,16bc-17,21,23

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു
മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച്
ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ
ഞാന്‍ കാണിച്ചുകൊടുക്കും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാർത്ഥ ദൈവത്തിൻ്റെ വചനമായി നിങ്ങൾ സ്വീകരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 2:18-22
മണവാളന്‍ അവരോടുകൂടെ ഉണ്ട്.

അക്കാലത്ത്, യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് ഉപവസിക്കാനാവില്ല. മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും. ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ അന്തോനിയുടെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ അര്‍പ്പിക്കുന്ന
ഞങ്ങളുടെ ശുശ്രൂഷയുടെ ഈ കാണിക്കകള്‍
അങ്ങേയ്ക്ക് സ്വീകാര്യമാക്കി തീര്‍ക്കണമേ.
ഐഹിക പ്രതിബന്ധങ്ങളില്‍ നിന്നു വിമുക്തരായി,
ഞങ്ങളുടെ സര്‍വസമ്പാദ്യവും
അങ്ങു മാത്രമായി തീരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 19:21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
പോയി നിനക്കുള്ളതെല്ലാം വില്ക്കുകയും
ദരിദ്രര്‍ക്കു കൊടുക്കുകയും എന്നെ അനുഗമിക്കുകയും ചെയ്യുക.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അന്ധകാരശക്തികളുടെമേല്‍
വ്യക്തമായ വിജയം വരിക്കാന്‍വേണ്ട അനുഗ്രഹം
വിശുദ്ധ അന്തോനിക്ക് അങ്ങ് നല്കിയല്ലോ.
അങ്ങേ രക്ഷാകരമായ കൂദാശകളാല്‍ സംപുഷ്ടരായ ഞങ്ങളെ,
ശത്രുക്കളുടെ എല്ലാ കെണികളും കീഴടക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s