Gospel of St. Luke Chapter 18 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 18

ന്യായാധിപനും വിധവയും

1 ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു:2 ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.3 ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു.4 കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.5 എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും.6 കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍.7 അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ?8 അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

ഫരിസേയനും ചുങ്കക്കാരനും

9 തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു:10 രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.11 ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.12 ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു.13 ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.14 ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

ശിശുക്കളെ ആശീര്‍വദിക്കുന്നു

15 അവന്‍ കൈകള്‍വച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ അവന്റെ അടുത്ത് അവര്‍ കൊണ്ടുവന്നു. അവന്റെ ശിഷ്യന്‍മാര്‍ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു.16 എന്നാല്‍, യേശു അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.17 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.

ധനികനായ മനുഷ്യന്‍

18 ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?19 യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല.20 പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്‌സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.21 അവന്‍ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്.22 അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.23 ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു.24 യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം!25 ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.26 ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും?27 അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.28 പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു. 29 യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവ രിലാര്‍ക്കും,30 ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.

പീഡാനുഭവവും ഉത്ഥാനവും – മൂന്നാം പ്രവചനം

31 അവന്‍ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പറഞ്ഞു: ഇതാ, നമ്മള്‍ ജറുസലെ മിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്‍മാര്‍ വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവന്‍ വിജാതീയര്‍ക്ക് ഏല്‍പിക്കപ്പെടും.32 അവര്‍ അവനെ പരിഹ സിക്കുകയും അപമാനിക്കുകയും അവന്റെ മേല്‍ തുപ്പുകയും ചെയ്യും.33 അവര്‍ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാല്‍, മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.34 ഇക്കാര്യങ്ങള്‍ ഒന്നും അവര്‍ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്റെ പൊരുള്‍ അവരില്‍നിന്നു മറയ്ക്കപ്പെട്ടിരുന്നു; അവന്‍ സംസാരിച്ചവ അവര്‍ മനസ്‌സിലാക്കിയതുമില്ല.

അന്ധനു കാഴ്ച നല്‍കുന്നു.

35 അവന്‍ ജറീക്കോയെ സമീപിച്ച പ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു.36 ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു.37 നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു.38 അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!39 മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശ ബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു.40 യേശു അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു.41 അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.42 യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.43 തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s