Gospel of St. Luke Chapter 21 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 21

വിധവയുടെ കാണിക്ക.

1 അവന്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്‍ഡാരത്തില്‍നേര്‍ച്ചയിടുന്നതു കണ്ടു.2 ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു.3 അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.4 എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.

ദേവാലയത്തിന്റെ നാശത്തെക്കുറിച്ച്.

5 ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവന്‍ അവരോടു പറഞ്ഞു:6 നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

ക്ലേശങ്ങളുടെ ആരംഭം.

7 അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്?8 അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്.9 യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട രുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല.10 അവന്‍ തുടര്‍ന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും.11 വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.12 ഇവയ്‌ക്കെല്ലാം മുമ്പ് അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍ പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും.13 നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും.14 എന്ത് ഉത്ത രം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.15 എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും.16 മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.17 എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.18 എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.19 പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.

ജറുസലെമിന്റെ പതനം.

20 ജറുസലെമിനുചുറ്റും സൈന്യം താവ ളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.21 അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ.22 കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ.23 ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയക്രോധവും നിപതിക്കും.24 അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടിമെതിക്കും.

മനുഷ്യപുത്രന്റെ ആഗമനം.

25 സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.26 സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും.27 അപ്പോള്‍, മനുഷ്യപുത്രന്‍ ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.28 ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.29 ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍.30 അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.31 അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.32 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.33 ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല.

ജാഗരൂകരായിരിക്കുവിന്‍.

34 സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.35 എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.36 സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.37 എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവന്‍ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയില്‍ വിശ്രമിച്ചു.38 അവന്റെ വാക്കു കേള്‍ക്കാന്‍വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്തുവന്നിരുന്നു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Leave a comment