Gospel of St. Luke Chapter 22 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 22 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 22

യേശുവിനെ വധിക്കാന്‍ ഗൂഢാലോചന.

1 പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അ ടുത്തു.2 പുരോഹിതന്‍മാരും നിയമജ്ഞ രും അവനെ എങ്ങനെ വധിക്കാമെന്ന് അ ന്വേഷിച്ചുകൊണ്ടിരുന്നു. പക്‌ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു.3 പന്ത്രണ്ടുപേരില്‍ ഒരുവനും സ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ സാത്താന്‍ പ്രവേശിച്ചു.4 അവന്‍ പുരോഹിതപ്രമുഖന്‍മാരെയും സേനാധിപന്‍മാരെയും സമീപിച്ച് എങ്ങനെയാണ് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു.5 അവര്‍ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു.6 അവന്‍ അവര്‍ക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു.

ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കുന്നു.

7 പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു.8 യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍.9 അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?10 അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.11 ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്‍മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?12 സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.13 അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.

പുതിയ ഉടമ്പടി.

14 സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും.15 അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.16 ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.17 അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.18 ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.19 പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.20 അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.21 എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു.22 എന്നാല്‍, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!23 തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി.

ആരാണ് വലിയവന്‍?

24 തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കം അവരുടെയിടയില്‍ ഉണ്ടായി.25 അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: വിജാതീയരുടെമേല്‍ അവരുടെ രാജാക്കന്‍മാര്‍ ആധിപത്യം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു.26 എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം.27 ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്.28 എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍.29 എന്റെ പിതാവ് എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു.30 അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.

പത്രോസ് ഗുരുവിനെ നിഷേധിക്കും.

31 ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.32 എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.33 ശിമയോന്‍ പറഞ്ഞു: കര്‍ത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാന്‍ തന്നെയും ഞാന്‍ തയ്യാറാണ്.34 അവന്‍ പറഞ്ഞു: പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.

പണവും വാളും കരുതുക.

35 അനന്തരം, അവന്‍ അവരോടു ചോദിച്ചു: ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്‍ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തിനെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല.36 അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ.37 ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്.38 അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: മതി.

ഗത്‌സെമനിയില്‍ പ്രാര്‍ഥിക്കുന്നു.

39 അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്കു പോയി. ശിഷ്യന്‍മാരും അവനെ പിന്തുടര്‍ന്നു.40 അവിടെ എത്തിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.41 അവന്‍ അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു പ്രാര്‍ഥിച്ചു:42 പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!43 അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.44 അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.45 അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു.46 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു.

47 അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു.48 യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?49 എന്താണു സംഭ വിക്കാന്‍ പോകുന്നത് എന്നു കണ്ടപ്പോള്‍ യേശുവിനോടു കൂടെയുണ്ടായിരുന്നവര്‍, കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.50 അവരിലൊരുവന്‍ പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു.51 അതുകണ്ട് യേശു പറഞ്ഞു: നിര്‍ത്തൂ! അനന്ത രം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി.52 അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?53 ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് തള്ളിപ്പറയുന്നു.

54 അവര്‍ അവനെ പിടിച്ച് പ്രധാനാചാര്യന്റെ വീട്ടിലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.55 അവര്‍ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോള്‍ പത്രോസും അവരോടു കൂടെ ഇരുന്നു.56 അവന്‍ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടു കൂടെയായിരുന്നു.57 എന്നാല്‍, പത്രോസ് അതു നിഷേധിച്ച്, സ്ത്രീയേ, അവനെ ഞാന്‍ അറിയുകയില്ല എന്നു പറഞ്ഞു.58 അല്‍പം കഴിഞ്ഞ് വേറൊരാള്‍ പത്രോസിനെ കണ്ടിട്ടു പറഞ്ഞു: നീയും അവരില്‍ ഒരുവനാണ്. അപ്പോള്‍ അവന്‍ പറഞ്ഞു: മനുഷ്യാ, ഞാനല്ല.59 ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേറൊരാള്‍ ഉറപ്പിച്ചു പറഞ്ഞു: തീര്‍ച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ.60 പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവന്‍ ഇ തു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി.61 കര്‍ത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു.62 അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു.

യേശുവിനെ പരിഹസിക്കുന്നു.

63 യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു.64 അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു.65 അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ.

66 പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു:67 നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല.68 ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല.69 ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുവശത്ത് ഇരിക്കും.70 അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കില്‍, നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്.71 അവര്‍ പറഞ്ഞു: ഇനി നമുക്കുവേറെ സാക്ഷ്യം എന്തിന്? അവന്റെ നാവില്‍നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Leave a comment